കടപ്പാട് ( നീര്‍വിളാകന്‍, വിക്കിപീഡിയ,മാധ്യമം etc )
കണ്ണാടി എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ ഓരോരുത്തരുടേയും മനസില്‍ ഒരു രൂപം ഉണ്ട്. സ്പടിക പ്രതലത്തില്‍ രസം പൂശിയുണ്ടാക്കുന്ന മുഖം നോക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന ഒന്ന്.
പല രൂപത്തിലും ഡിസൈനിലും ഉള്ള ഒന്നാന്തരം കണ്ണാടികള്‍ വിപണിയില്‍ ലഭ്യമാകുമ്പോള്‍ ആറന്മുള എന്ന ഗ്രാമത്തില്‍ ഉണ്ടാക്കുന്ന കണ്ണാടിക്കു മാത്രം എന്തേ ഇത്ര പ്രത്യേകത എന്നു സംശയിക്കുന്നുണ്ടെങ്കില്‍ ആറന്മുള കണ്ണാടിയുടെ സവിശേഷത അറിയില്ലെന്നു വ്യക്തം.
ആറന്മുളയില്‍ പരമ്പരാഗതമായി നിര്‍മ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുളക്കണ്ണാടി. ലോകത്തിന് മുന്നില്‍ കേരളത്തിന്റെ പാരമ്പര്യ കലയുടെ നേര്‍ കണ്ണാടി. സംസ്കാരത്തിന്റേയും, പാരമ്പര്യ കലയുടെയും രസക്കൂട്ട്.
കേരളത്തിന്റെ മഹത്തായ ലോഹസങ്കലനവിദ്യയുടെ മകുടോദാഹരണം .കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്ന്. അങ്ങനെ വിശേഷണങ്ങള്‍ അവസാനിക്കുന്നില്ല.
പ്രത്യേകത
രസം ഉപയോഗിച്ചുണ്ടാക്കുന്ന ദര്‍പ്പണങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടില്‍ ആണ് ആറന്മുള കണ്ണാടി നിര്‍മ്മിക്കുന്നത്. ആറന്മുളയുടെ തനിമ വെളിവാക്കുന്ന ആറന്മു ളക്കണ്ണാടി പ്രത്യേകതരം ലോഹക്കൂട്ടുകളാലാണ് തയാറാക്കുന്നത്. ചില്ലിന്‍റെ ഒരു വശത്ത് മെര്‍ക്കുറിയോ മറ്റ് രാസവസ്തുക്കളോ പൂശി അതില്‍ പതിക്കുന്ന പ്രകാശമെല്ലാം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ക്രമീകരിച്ചാണ് സാധാരണ കണ്ണാടികള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ആറന്മുള കണ്ണാടി അങ്ങനെയല്ല. ചില പ്രത്യേക ലോഹങ്ങള്‍ പ്രത്യേക അനുപാതത്തില്‍ മൂശയില്‍ ഉരുക്കി വാര്‍ത്തെടുക്കുന്നതാണ് അത്. ഒരു ചെറിയ പോറല്‍ പോലുമില്ലാതെ ലോഹക്കൂട്ടില്‍ വാര്‍ത്തെടുക്കുന്ന തകിട് ചില്ലുകണ്ണാടിയേക്കാള്‍ തിളങ്ങി നില്‍ക്കും. അപൂര്‍വ്വലോഹക്കൂട്ടാലുള്ള ആറന്മുള കണ്ണാടി കാലപ്പഴക്കം കൊണ്ടും മറ്റും യാതൊരു കേടും സംഭവിക്കാതെ നാളുകളോളം നിലനില്‍ക്കും. സാധാരണ ദര്‍പ്പണങ്ങളെ പ്രതിഫലിപ്പിക്കുന്നത് പുറകില്‍ പൂശിയിരിക്കുന്ന രസത്തിന്റെ പ്രതലമാകുമ്പോള്‍ ആറന്മുള കണ്ണാടിയെ പ്രതിഫലിപ്പിക്കുന്നത് അതിന്റെ മിനുക്കി എടുത്ത മേല്‍ പ്രതലം തന്നെയാണ്. ആറന്മുള കണ്ണാടി പൂര്‍ണമായും മനുഷ്യ നിര്‍മ്മിതമാണ്. ഇതില്‍ യന്ത്രങ്ങളുടെ സാന്നിദ്ധ്യം ഒരു ശതമാനം പോലും ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
600ഓളം വര്‍ഷംമുമ്പ് ആറന്മുള ക്ഷേത്രനിര്‍മാണത്തിന് തമിഴ്നാട്ടില്‍നിന്ന് എത്തിയവരാണ് തിക്കിനാം പള്ളില്‍ കുടുംബക്കാരുടെ പൂര്‍വികര്‍. ഓട് ഉപയോഗിച്ചുള്ള പാത്രങ്ങളുടെയും ക്ഷേത്രത്തിലെ മിനുക്കുപണികളുടെയും നിര്‍മാണ ചുമതലയായിരുന്നു ഇവര്‍ക്ക്. തിരുനെല്‍വേലി ജില്ലയില്‍ ശങ്കരന്‍ കോവിലിലെ വിശ്വ ബ്രാഹ്മണസമൂഹത്തില്‍പെട്ടവരാണ് ഇവര്‍. അമ്പലം പണികഴിഞ്ഞതോടെ പണിയില്ലാതായ ഇവരെ മടക്കി അയക്കാന്‍ തിരുവിതാംകൂര്‍ രാജാവ് തീരുമാനിച്ചത്രെ. പണിയില്‍ ഉഴപ്പിയതുകൊണ്ടാണ് മടക്കി അയക്കാന്‍ തീരുമാനിച്ചതെന്നും പറയപ്പെടുന്നുണ്ട്. രാജാവിനെ പ്രീതിപ്പെടുത്താനായി ഇവര്‍ലോഹപ്പണിയില്‍ തങ്ങളുടെ കരവിരുത് പുറത്തെടുക്കുകയായിരുന്നു. ലോഹക്കണ്ണാടി പതിച്ച കിരീടം സമര്‍പ്പിച്ചതോടെ രാജാവ് സംപ്രീതനായി. ഇവര്‍ക്ക് കരം ഒഴിവായി ക്ഷേത്രത്തിന്‍െറ തെക്കേനടയില്‍ ഭൂമി അനുവദിച്ചു. അങ്ങനെയാണ് ആറന്മുളക്കണ്ണാടി പിറവിയെടുത്തതെന്നാണ് പറയപ്പെടുന്നത്.
വിദ്യ തലമുറകളായി ആറന്മുള തിക്കിനാം പള്ളില്‍ കുടുംബത്തിന് മാത്രം അറിയാവുന്ന രഹസ്യമാണ്. 600ഓളം വര്‍ഷങ്ങളായി തിക്കിനാം പള്ളിക്കാര്‍ ആ രഹസ്യം ചോരാതെ കാത്തുവരുകയുമായിരുന്നു. കുടുംബത്തിന് പുറത്തുള്ളവര്‍ പണിശാലയില്‍ ജോലിക്ക് വന്നതോടെയാണ് രഹസ്യം ചോര്‍ന്നത്. ചോര്‍ത്തിയെടുത്തവര്‍ സ്വന്തം പണിശാല സ്ഥാപിച്ച് ആറന്മുളക്കണ്ണാടി നിര്‍മാണം തുടങ്ങി. അവരും കണ്ണാടിയുടെ നിര്‍മാണരഹസ്യം വീണ്ടും ചോരാതിരിക്കാന്‍ ബദ്ധശ്രദ്ധപുലര്‍ത്തുന്നു.
ചെമ്പും വെളുത്തീയവുമാണ് ആറന്മുളക്കണ്ണാടിയുടെ ചേരുവ. രണ്ട് ലോഹങ്ങളും ചേരുംപടിചേര്‍ത്ത് ഉരുക്കി പരന്ന അച്ചില്‍ ഒഴിച്ച് തണുത്തുറയുമ്പോള്‍ പലഘട്ടങ്ങളായി ഉരച്ച് മിനുക്കിയാണ് ലോഹക്കൂട്ടിനെ കണ്ണാടിയാക്കുന്നത്. ഇരു ലോഹങ്ങളുടെയും അനുപാതം നിര്‍ണയിക്കുന്നതിലാണ് ആറന്മുളക്കണ്ണാടിയുടെ പൊരുള്‍ ഒളിഞ്ഞിരിക്കുന്നത്.
സാധാരണ കണ്ണാടികളെ അപേക്ഷിച്ച് ആറന്മുള കണ്ണാടി വളരെ വിലക്കൂടിയതാണ്. കൈവെള്ളയില്‍ ഒതുങ്ങുന്ന വളരെ ചെറിയ ഒരു കണ്ണാടിക്ക് 1250 രൂപാ വിലവരും. ഇരുപതിനായിരവും, മുപ്പതിനായിരവും വില വരുന്ന ആറന്മുളകണ്ണാടിക്ക് ഒരു പക്ഷെ നമ്മുടെ വീടുകളില്‍ കാണുന്ന സാധാരണ സ്പടിക കണ്ണാടിയുടെ അത്ര പോലും വില വരില്ല എന്നത് അത്ര അത്ഭുതകരമായ കാര്യമല്ല.
എന്തുകൊണ്ട് ആറന്മുള കണ്ണാടി ഇത്ര വിലക്കൂടിയതായി എന്ന ചോദ്യത്തിന് ഉത്തരം ഒന്നുമാത്രം. അതിന്റെ നിര്‍മ്മാണ ചിലവ്. സമയത്തിനൊപ്പം ക്ഷമയും വേണ്ട നിര്‍മ്മാണരിതിയാണിതിനു വേണ്ടത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കണ്ടുപിടിച്ച അതേ നിര്‍മ്മാണ രിതി ഇന്നും പിന്തുടര്‍ന്നു പോരുന്നു. ആറന്മുള കണ്ണാടി നിര്‍മ്മാണം കച്ചവടത്തിനുപരി ഒരു അനുഷ്ടാനമണ്. കേരളത്തിന്റെ തനതു പാരമ്പര്യ തൊഴില്‍ വ്യവസായങ്ങളെ നാമാവിശേഷമാക്കിയ യന്ത്രങ്ങളുടെ സാന്നിദ്ധ്യം ആറന്മുള കണ്ണാടിയുടെ നിര്‍മ്മാണത്തിന്റെ ഒരു ഘട്ടത്തിലും ഉപയോഗിക്കുന്നില്ല എന്നതാണ് സവിശേഷത. ഒരു കണ്ണാടി നിര്‍മ്മിക്കുന്നതിന് കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും വേണ്ടി വരും. അതെ പോലെ കുറഞ്ഞത് അഞ്ച് കണ്ണാടികള്‍ എങ്കിലും നിര്‍മ്മിച്ചാലെ എല്ലാ നിര്‍മ്മാണ കുറ്റങ്ങളും തീര്‍ന്ന വില്‍പ്പനക്ക് അനുയോജ്യമായ ഒന്ന് ലഭിക്കുകയുള്ളു. ആറന്മുള കണ്ണാടിയുടെ വില അതിന് മുശാരി നല്‍കുന്ന ബുദ്ധി,ശാരീരിക ക്ഷമത, ക്ഷമ, സഹനശക്തി, ആത്മാര്‍ത്ഥത എന്നിവയുടെ ആകെ തുകയാണെന്ന് മനസിലാകുമ്പോള്‍ അതിന്റെ വിലയെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല.
കടപ്പാട് ( നീര്‍വിളാകന്‍, വിക്കിപീഡിയ,മാധ്യമം etc )
എങ്ങനെ തിരിച്ചറിയാം
കൈ വിരലിനാല്‍ ആറന്മുള കണ്ണാടിയുടെ മുകളില്‍ തൊടുക, അതിനു ശേഷം കണ്ണാടിയില്‍ കാണുന്ന പ്രതിബിബത്തെ വീക്ഷിക്കുക. യദാര്‍ത്ഥ ആറന്മുള കണ്ണാടിയില്‍യില്‍ വിരലും കണ്ണാടിയില്‍ പ്രതിബിബിക്കുന്ന വിരലും തമ്മിലുള്ള അകലം പൂജ്യം ആയിരിക്കും. ഒരു ആറന്മുള കണ്ണാടി കൈവശപ്പെടുത്തിയാല്‍ ആദ്യം ഈ പരീക്ഷണം തീര്‍ച്ചയായും ചെയ്തു നോക്കണം, അങ്ങനെ നിങ്ങളുടെ കണ്ണാടി യദാര്‍ത്ഥ ആറന്മുള കണ്ണാടി ആണെന്ന് ഉറപ്പു വരുത്താം.
കണ്ണാടി പെരുമ
പെണ്‍കൊടിക്ക് അണിഞ്ഞൊരുങ്ങാന്‍ സ്വര്‍ണ്ണവും കണ്‍മഷിയും കുങ്കുമവും ചന്ദനവും മാത്രം പോര, ആറന്മുള വാല്‍ക്കണ്ണാടിയും വേണമെന്നതായിരുന്നു പണ്ടത്തെ തറവാടുകളിലെ നിഷ്ട. അടയാഭരണങ്ങളേക്കാള്‍ വിലപ്പെട്ടതായിരുന്നു ആറന്മുള വാല്‍ക്കണ്ണാടി. പണ്ടത്തെ ഈ പ്രതാപത്തിന് ഇപ്പോഴും ഒരു കോട്ടവും പറ്റിയിട്ടില്ല, ഇന്നും കേരളത്തിലെ ഏറ്റവും വിശിഷ്ട ഉത്പ്പന്നങ്ങളിലൊന്നാണ് ആറന്മുള കണ്ണാടി. മദ്ധ്യതിരുവിതാംകൂറില്‍ വിഷുക്കണിയിലെ പ്രധാന ഇനം കൂടിയാണിത്. വിവാഹം പോലെ പ്രധാന ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന അഷ്ടമംഗല്യക്കാഴച്ചയിലെ പ്രധാന ഇനവും ആറന്മുള കണ്ണാടി തന്നെ. വാസ്തു ശാസ്ത്ര പ്രകാരം ആറന്മുള കണ്ണാടി വയ്ക്കുന്ന വീടുകളില്‍ സൌഭാഗ്യവും, പ്രശസ്തിയും, പണവും വന്നു ചേരുമെന്ന് പരകെ വിശ്വസിക്കപ്പെടുന്നു. ആറന്മുളയപ്പന്റെ പ്രതിരൂപം എന്ന നിലയില്‍ പൂജാ മുറികളിലും ഇതു ഉപയോഗിക്കപ്പെടുന്നു.
യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നടക്കം ഓര്‍ഡറുകള്‍ ആറന്മുളക്കണ്ണാടിക്ക് ലഭിക്കുന്നുണ്ട്. വില കൂടുതലായതിനാല്‍ ആവശ്യക്കാര്‍ കൂടുതലും വിദേശീയരാണ്. ഇന്ത്യയിലെത്തിയ പല രാഷ്ട്രനേതാക്കള്‍ക്കും ആറന്മുളക്കണ്ണാടി ഉപഹാരമായി നല്‍കിയിട്ടുണ്ട്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ 45 സെന്‍റിമീറ്റര്‍ ഉയരമുള്ള ആറന്മുളക്കണ്ണാടി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആറന്മുളക്കണ്ണാടി നിര്‍മാണം കൊണ്ട് ഭംഗിയായി കുടുംബം പുലര്‍ത്താന്‍ ആവുന്നുണ്ടെന്ന് മുമ്പ് സ്വര്‍ണപ്പണി നടത്തുകയും ഇപ്പോള്‍ കണ്ണാടി നിര്‍മാണശാല നടത്തുകയും ചെയ്യുന്നതിക്കിനാം പള്ളില്‍ കുടുംബാംഗം ടി.കെ. സുന്ദരം ആചാരി പറഞ്ഞു. ഇപ്പോഴും പൂര്‍ണമായും കൈകൊണ്ടാണ് ഇതിന്‍െറ നിര്‍മാണം
http://www.aranmulakannadi.com
വാങ്ങുവാനും പൂര്‍ണം അയ വിലവിവരം അറിയുന്നതിന് CLICK HERE
കടപ്പാട് ( നീര്‍വിളാകന്‍, വിക്കിപീഡിയ,മാധ്യമം etc )