നാരായണഗുരു (1854 - 1928)കടപ്പാട് Wkipedia
കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിനു നേതൃത്വം കൊടുത്ത സമുദായപരിഷ്കര്‍ത്താവും ദാര്‍ശനികനും ഗ്രന്ഥകാരനും.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ഉയര്‍ന്നുവന്ന ദേശീയ നവോത്ഥാനത്തിന്റെ അലകള്‍ക്ക് കേരളത്തിലെ ജാതി-മത ദുരാചാരങ്ങളും അയിത്തവും വലിയ പ്രതിബന്ധം സൃഷ്ടിച്ചു. ഫ്യൂഡല്‍ സാമൂഹ്യബന്ധങ്ങളെയും അവയെ അരക്കിട്ടുറപ്പിക്കുന്ന ജാതിവ്യവസ്ഥയെയും എതിര്‍ക്കാതെ പുതിയ സാമൂഹിക വ്യവസ്ഥ സാധ്യമാകുമായിരുന്നില്ല. ചരിത്രപരമായ ഈ പ്രക്രിയയ്ക്കു നേതൃത്വവും പ്രചോദനവും നല്കിയ സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ പ്രമുഖസ്ഥാനീയനാണ് നാരായണഗുരു. തന്റെ സൌമ്യജീവിതവും ദര്‍ശനവും കൊണ്ട് ജാതിവ്യവസ്ഥയുടെ ഇരുണ്ട കോട്ടകളെ തകര്‍ത്ത ഗുരു, 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന ഉദാരമാനുഷിക ദര്‍ശനത്തിലൂടെ കേരളത്തില്‍ പുതിയ സാമൂഹികാന്തരീക്ഷം സൃഷ്ടിച്ചു. അദ്വൈത ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ ജീവിത സമീപനം രൂപപ്പെടുത്തിയ നാരായണഗുരു ജാതീയമായ ഉച്ചനീചത്വത്തിനും ദുരാചാരങ്ങള്‍ക്കും എതിരെയുള്ള പ്രയോഗമായി ആധ്യാത്മികതയെ പരിവര്‍ത്തിപ്പിച്ചു.
ജനനം, വിദ്യാഭ്യാസം
1854 ആഗ. 20-ന് (കൊ.വ. 1030 ചിങ്ങം, ചതയം നക്ഷത്രദിവസം) തിരുവനന്തപുരത്തിനടുത്തുള്ള ചെമ്പഴന്തി എന്ന ഗ്രാമത്തില്‍ കൊച്ചുവിളയില്‍ മാടനാശാന്റെയും വയല്‍വാരത്ത് കുട്ടിയമ്മയുടെയും നാലു മക്കളില്‍ ഇളയവനായി ജനിച്ചു. നാരായണന്‍ എന്നാണ് മാതാപിതാക്കള്‍ നല്കിയ പേര്. നാണു എന്ന ഓമനപ്പേരിലാണ് വീട്ടുകാര്‍ക്കും സമീപവാസികള്‍ക്കുമിടയില്‍ ബാല്യത്തില്‍ അറിയപ്പെട്ടിരുന്നത്. ജാതിവ്യവസ്ഥയും അയിത്തവും നിലനിന്നിരുന്ന അക്കാലത്ത് കീഴ്ജാതിയില്‍പ്പെട്ട ഈഴവ കുടുംബത്തില്‍ പിറന്ന ഇദ്ദേഹം അത്തരം ദുരാചാരങ്ങളെ മറികടന്ന് താഴ്ന്നജാതിയിലുള്ളവരായി വ്യവഹരിക്കപ്പെടുന്നവരുടെ കുട്ടികളുമായി ഇടപെട്ടുപോന്നിരുന്നു. അയിത്തത്തിന്റെ പേരിലുള്ള ഒരു ആചാരത്തെയും നന്നേ ചെറുപ്പത്തില്‍പ്പോലും ഇദ്ദേഹം മാനിച്ചിരുന്നില്ല.
പ്രസിദ്ധമായ ചെമ്പഴന്തിപ്പിള്ളമാരുടെ തറവാട്ടിലെ അന്നത്തെ കാരണവരായ കണ്ണങ്കര വീട്ടില്‍ നാരായണപ്പിള്ളയാണ് നാരായണനെ എഴുത്തിനിരുത്തിയത്. പിതാവില്‍നിന്നും പ്രാഥമികമായ അക്ഷരാഭ്യാസം നേടിയശേഷം കണ്ണങ്കര നാരായണപ്പിള്ളയില്‍ നിന്നും സിദ്ധരൂപം, ബാലപ്രബോധനം തുടങ്ങിയവ അഭ്യസിച്ചു. മാതുലനായ കൃഷ്ണന്‍വൈദ്യരില്‍ നിന്നുമാണ് നാണു സംസ്കൃതവും വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും സ്വായത്തമാക്കിത്തുടങ്ങിയത്. പിന്നീട്, മധ്യതിരുവിതാംകൂറിലെ കായംകുളത്തുള്ള വാരണപ്പള്ളിയിലെ പ്രസിദ്ധനായ കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്റെ വിദ്യാഭ്യാസ കേന്ദ്രത്തില്‍ സംസ്കൃതത്തില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. ചെറുപ്പത്തിലേതന്നെ സംസ്കൃതത്തിലും തമിഴിലും മലയാളത്തിലും ഏറെക്കുറെ വൈദഗ്ധ്യം നേടിയിരുന്ന നാരായണന്‍ തികഞ്ഞ ഈശ്വരാഭിമുഖ്യവും ചിന്തയും പ്രകടമാക്കിയിരുന്നതിനാല്‍ സഹപാഠികള്‍ ഇദ്ദേഹത്തെ 'നാണുഭക്തന്‍' എന്നു വിളിച്ചുപോന്നു.
വാരണപ്പള്ളിയിലെ സാഹിത്യരസികനായ കാരണവരുടെ ആവശ്യപ്രകാരം രചിച്ച ഗജേന്ദ്രമോക്ഷം എന്ന വഞ്ചിപ്പാട്ടാണ് നാരായണഗുരുവിന്റെ പ്രഥമകൃതിയായി കരുതിപ്പോരുന്നത്. സംസ്കൃതത്തില്‍ ഏതാനും വിഷ്ണുസ്തോത്രങ്ങളും ഇക്കാലയളവില്‍ നാരായണന്‍ രചിക്കുകയുണ്ടായി. വെളുത്തേരി കേശവന്‍ വൈദ്യന്‍, പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യര്‍, പുതുക്കാട് മഠത്തില്‍ കൃഷ്ണനാശാന്‍ തുടങ്ങിയവര്‍ ഇക്കാലയളവില്‍ നാരായണന്റെ സഹപാഠികളായിരുന്നു. മൂന്നുവര്‍ഷം കൊണ്ട് കാവ്യനാടകങ്ങള്‍. തര്‍ക്കം, വ്യാകരണം, വേദാന്തം എന്നിവ അഭ്യസിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. അനാരോഗ്യത്തെത്തുടര്‍ന്ന് ചെമ്പഴന്തിയിലെ സ്വഗൃഹത്തില്‍ തിരികെയെത്തിയ നാണു കുറച്ചുകാലം കൃഷിക്കാര്യത്തില്‍ പിതാവിനെ സഹായിച്ചിരുന്നു. കാട്ടുപ്രദേശങ്ങളില്‍ കാലികളെ മേച്ച്, സമയം കഴിച്ചുകൂട്ടുമ്പോഴും പ്രാര്‍ഥന, ധ്യാനം, ജപം, വ്രതം തുടങ്ങിയ അനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിച്ചിരുന്നു. തന്റെ വീട്ടിലെത്തുന്ന ഗ്രാമവാസികള്‍ക്ക് പുരാണങ്ങള്‍ വായിച്ചുകേള്‍പ്പിക്കുകയും അവയുടെ അര്‍ഥം വിശദീകരിച്ചുകൊടുക്കുകയും നാണുഭക്തന്റെ പതിവായിരുന്നു. തുടര്‍ന്ന് കടയ്ക്കാവൂരില്‍ കുടിപ്പള്ളിക്കൂടം സ്ഥാപിച്ച് കുട്ടികളെ സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ 'നാണുഭക്തന്‍' 'നാണുവാശാന്‍' എന്നറിയപ്പെട്ടു തുടങ്ങി. പിന്നീട്, പിതാവ് നടത്തിവന്നിരുന്ന കുടിപ്പള്ളിക്കൂടത്തിലെ പുരാണവ്യാഖ്യാന പാരായണ ചുമതലയും നാണുവാശാന്‍ ഏറ്റെടുക്കുകയുണ്ടായി.
മതപരവും ദാര്‍ശനികവുമായ കാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന പലതരം പുസ്തകങ്ങളും ഇദ്ദേഹം വായിച്ചുപഠിച്ചു. അദ്വൈതമാണ് അദ്ദേഹത്തെ കൂടുതലാകര്‍ഷിച്ചത്. പക്ഷേ, സ്വന്തം ആത്മാവിന്റെ പുറന്തോടിനുള്ളില്‍ ഒതുങ്ങിക്കൂടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. മനുഷ്യജീവിതം ക്ഷണികമാണെന്നും സുഖദുഃഖസമ്മിശ്രമായ ജീവിതം മായാമയമാണെന്നും അതുകൊണ്ട് ജീവിതത്തിന് തനതായ ഒരു അര്‍ഥം നല്കേണ്ടത് ആവശ്യമാണെന്നും ഇദ്ദേഹം നിരീക്ഷിച്ചു. തീണ്ടലും തൊടീലും അയിത്തവും സമൂഹത്തിന്റെ മാരകരോഗങ്ങളാണെന്നു കണ്ടറിഞ്ഞ ഇദ്ദേഹം അതിനു മതിയായ ചികിത്സ ചെയ്താല്‍ മാത്രമേ സമൂഹത്തെ ആരോഗ്യപൂര്‍ണമാക്കാന്‍ കഴിയൂ എന്നു മനസ്സിലാക്കുകയും ചെയ്തു. തൊട്ടുകൂടാത്തവരെന്നും തീണ്ടിക്കൂടാത്തവരെന്നും വ്യവഹരിക്കപ്പെട്ടിരുന്ന ജനതയുമായുള്ള നാണുവാശാന്റെ സമ്പര്‍ക്കം ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കിയിരുന്നു. എന്നാല്‍ സമഭാവനാശൂന്യമായ ഒരു ശാസനയ്ക്കും ഇദ്ദേഹത്തെ പിന്തിരിപ്പിക്കാനായില്ല.
വിവാഹം, അവധൂതവൃത്തി
ലൗകികകാര്യങ്ങളില്‍ ഒരു ശ്രദ്ധയുമില്ലാതെ അവധൂതജീവിത സങ്കല്പങ്ങളുമായി വീട്ടില്‍ വല്ലപ്പോഴും മാത്രം വന്നിരുന്ന നാണുവില്‍ വിവാഹം മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ കരുതി. എന്നാല്‍ അകന്ന ബന്ധുകൂടിയായ കാളിയമ്മയുമായി 1882-ല്‍ നടന്ന വിവാഹം നാണുവാശാന്റെ ആധ്യാത്മികജീവിതത്തില്‍ ഒരു മാറ്റവും സൃഷ്ടിച്ചില്ല. "ഓരോ പ്രത്യേക കാര്യസാധ്യത്തിനു വേണ്ടിയാണ് ഓരോ മനുഷ്യനും ഈ ലോകത്തു ജനിക്കുന്നത്. എന്റെയും നിന്റെയും ദൌത്യങ്ങള്‍ വ്യത്യസ്തമാണ്. അതിനാല്‍ എന്റെ കര്‍ത്തൃനിര്‍വഹണത്തിനായി എന്നെ വിട്ടേക്കൂ എന്നാണ് ഇദ്ദേഹം കാളിയമ്മയോട് പറഞ്ഞത്. ഇവരുടെ വിവാഹജീവിതം അധികകാലം നീണ്ടുപോയില്ല. നാണുവാശാന്‍ ഒരു പരിവ്രാജകന്റെ ജീവിതം തുടര്‍ന്നു. കാളിയമ്മ പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചു. ഇതിനിടയില്‍ നാണുവാശാന്റെ അമ്മ മരിച്ചു. 1885-ല്‍ അച്ഛനും.
അവധൂതവൃത്തി സ്വീകരിച്ച് ഭിക്ഷാംദേഹിയായി ദേശാടനം നടത്തുകയായിരുന്നു പിന്നീട് ഇദ്ദേഹം. അഗസ്ത്യകൂടം മലയുടെ അടിവാരത്തുള്ള പല വനപ്രദേശങ്ങളിലും ഇദ്ദേഹം ധ്യാനത്തില്‍ മുഴുകി. ദക്ഷിണേന്ത്യയിലെ പല സ്ഥലങ്ങളിലും രാപ്പകലില്ലാതെ സഞ്ചരിച്ചു. അതിനിടയില്‍ സാമൂഹ്യജീവിതത്തെയും അതിന്റെ പുരോഗതിയെ തമസ്കരിക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കുറിച്ച് കൂടുതല്‍ മനസ്സിലാക്കി. ഹിന്ദുമതത്തിലെ അനാചാരങ്ങളെ ചോദ്യം ചെയ്തിരുന്ന സാമൂഹ്യപരിഷ്കര്‍ത്താവായിരുന്ന ചട്ടമ്പിസ്വാമികളുമായി പരിചയപ്പെട്ടത് ഇക്കാലയളവിലാണ്. കേരളത്തിന്റെ ശാപമായ അയിത്തവും ജാതിവ്യവസ്ഥയും അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയിരുന്ന അക്കാലത്ത് ആദര്‍ശശാലിയായ ചട്ടമ്പിസ്വാമി അതില്‍നിന്നെല്ലാം ബഹുദൂരം അകന്നുനിന്നിരുന്നു. ജാതിഭേദം അര്‍ഥശൂന്യവും അനാവശ്യവുമാണെന്ന് ഉറച്ചുവിശ്വസിക്കുകയും അതിന്റെ പ്രചരണാര്‍ഥം തൂലിക ചലിപ്പിക്കുകയും ചെയ്ത ചട്ടമ്പിസ്വാമിയുടെ പാണ്ഡിത്യവും വിപ്ലവപ്രതിപത്തിയും നാരായണഗുരുവിനെ ആകര്‍ഷിച്ചു. തുടര്‍ന്ന് ഇരുവരും പരസ്പരമറിയാനും ആദരിക്കാനും സ്വാധീനിക്കാനും തങ്ങളുടെ ചിന്തകളിലെ സമാനതകളെ തിരിച്ചറിയുവാനും തുടങ്ങി. ജീവിതാന്ത്യംവരെ ആ ഊഷ്മള ബന്ധം നിലനിര്‍ത്തുകയും ചെയ്തു. സാമൂഹിക വിപ്ലവകാരിയായ വൈകുണ്ഠസ്വാമിയുടെ ശിക്ഷ്യനായ തൈക്കാട്ട് അയ്യാവ് എന്ന സുബ്രഹ്മണ്യഭക്തനുമായി അടുത്തബന്ധമുണ്ടായതും യോഗ പരിശീലിച്ചതും മറ്റും ഇക്കാലയളവിലാണ്. തൈക്കാട്ട് അയ്യാസ്വാമിയുമായുള്ള ബന്ധം നാരായണനെ സുബ്രഹ്മണ്യ ഉപാസകനാക്കി. സംസ്കൃതത്തിലും മലയാളത്തിലും നിരവധി സുബ്രഹ്മണ്യസ്തോത്രങ്ങള്‍ രചിച്ചത് ഇക്കാലയളവിലാണ്. ക്രമേണ നാണുവാശാന്‍ നാരായണഗുരു എന്ന് അറിയപ്പെടാന്‍ തുടങ്ങി. ദക്ഷിണേന്ത്യയിലെ ബാംഗ്ളൂര്‍, മൈസൂര്‍, കൂര്‍ഗ്, മംഗലാപുരം തുടങ്ങിയ പ്രദേശങ്ങളിലും കേരളത്തില്‍ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലും കാല്‍നടയായി പലവട്ടം സ്വാമി സഞ്ചരിച്ചിട്ടുണ്ട്. മരുത്വാമലയിലെ പിള്ളത്തടം ഗുഹയില്‍ ഏറെക്കാലം ഏകാന്തധ്യാനത്തില്‍ മുഴുകിയ സന്ദര്‍ഭത്തിലാണ് നാരായണഗുരുവില്‍ തന്റെ പില്ക്കാല പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കര്‍മപരിപാടി രൂപംകൊണ്ടത്.
അരുവിപ്പുറം പ്രതിഷ്ഠ
സവര്‍ണ-അവര്‍ണ വിവേചനം കൊടികുത്തി വാണകാലമായിരുന്നു അത്. അധഃസ്ഥിതരും അവര്‍ണരും ആക്കപ്പെട്ടിരുന്ന ഈഴവര്‍, പുലയര്‍ തുടങ്ങിയവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനോ ആരാധിക്കാനോ അന്ന് അവകാശം നല്കിയിരുന്നില്ല. സവര്‍ണരെ സ്പര്‍ശിക്കുകയോ സമീപിക്കുകയോ ചെയ്തുകൂടായിരുന്നു. സംസാരത്തിലും സാമീപ്യത്തിലും അടിയകലങ്ങള്‍ പാലിക്കണമായിരുന്നു. തീണ്ടല്‍, തൊടീല്‍ എന്നീ പേരുകളിലറിയപ്പെട്ടിരുന്ന ഇത്തരം അയിത്താചാരങ്ങള്‍ സമുദായശരീരത്തിനു പിടിപെട്ട മഹാരോഗമാണെന്ന് നാരായണഗുരു തിരിച്ചറിഞ്ഞു. ഇതിനുള്ള പ്രതിവിധി തേടുകയായിരുന്നു ഗുരു. കേരള ചരിത്രത്തെ അടിമുടി മാറ്റിമറിച്ച അരുവിപ്പുറം പ്രതിഷ്ഠ അതിന്റെ തുടക്കമായി.
മരുത്വാമലയിലെ ഏകാന്തധ്യാനം കഴിഞ്ഞാണ് നാരായണഗുരു അരുവിപ്പുറത്ത് എത്തിയത്. നെയ്യാറ്റിന്‍കരയ്ക്കു സമീപം നെയ്യാറിന്റെ കരയിലുള്ള ഈ പ്രദേശം കുന്നും മലകളും കാടും നിറഞ്ഞ ഇടമായിരുന്നു. ഇവിടെ നാരായണഗുരുവിന്റെ സാന്നിധ്യമറിഞ്ഞ് നിരവധി ഭക്തര്‍ എത്തിച്ചേര്‍ന്നിരുന്നു. രോഗശമനത്തിനുള്ള ഉപദേശങ്ങള്‍ നല്കുക, ശാസ്ത്രാര്‍ഥങ്ങള്‍ വ്യാഖ്യാനിച്ചു നല്കുക. പാവപ്പെട്ടവരെ ആശ്വസിപ്പിക്കുക തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിരുന്ന ഗുരുവിനെ കാണാന്‍ ക്രമേണ തിരക്കേറിവന്നു. ബന്ധുക്കള്‍പോലും സ്പര്‍ശിക്കാന്‍ മടിച്ചിരുന്ന കുഷ്ഠരോഗികള്‍ ഉള്‍പ്പെടുന്നവരെ ചികിത്സിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്ത്, ഇദ്ദേഹം സമൂഹത്തെ അദ്ഭുതപ്പെടുത്തി. അക്കാലത്ത് 'സ്വാമി' എന്ന് ജനം ഇദ്ദേഹത്തെ അഭിസംബോധന ചെയ്യുവാന്‍ തുടങ്ങിയിരുന്നു.
അധഃസ്ഥിതര്‍ക്ക് ക്ഷേത്രപ്രവേശനം നിഷിദ്ധമായിരുന്ന അക്കാലത്ത് ഏവര്‍ക്കും പ്രവേശനമുള്ള ഒരു ക്ഷേത്രം സ്ഥാപിക്കുക എന്നത് കീഴാളസമൂഹത്തിന്റെ വലിയൊരാഗ്രഹമായിരുന്നു. എന്നാല്‍, പ്രതിഷ്ഠ നടത്തുകയെന്നത് ബ്രാഹ്മണര്‍ക്കുമാത്രം നല്കപ്പെട്ടിരുന്ന അധികാരമായിരുന്നുവെന്നത് അതിന് തടസ്സങ്ങള്‍ തീര്‍ത്തു. എന്നാല്‍, 1888-ലെ ശിവരാത്രിയാഘോഷങ്ങളോടനുബന്ധിച്ച് ഗുരു ആ ലക്ഷ്യം സഫലമാക്കി. ജാതീയ ഉച്ചനീചത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ട്, നെയ്യാറിന്റെ കിഴക്കേതീരത്തുള്ള പാറയെ പീഠമായി സങ്കല്പിച്ച് നദിയില്‍നിന്ന് ശിവലിംഗാകൃതിയില്‍ഒരു കല്ല് മുങ്ങിയെടുത്ത് പ്രതിഷ്ഠിച്ചുകൊണ്ടായിരുന്നു ഗുരു അത് നിര്‍വഹിച്ചത്. സ്വാമി വിചാരിച്ചതിലും ശക്തമായിരുന്നു ആ ശിവ പ്രതിഷ്ഠയുടെ പ്രത്യാഘാതം. സാമൂഹ്യജീവിതത്തില്‍ നൂറ്റാണ്ടുകളായി വിവേചനത്തിന്റെയും യാതനയുടെയും പ്രതീകമായി, ജീവിതത്തെ ശപിച്ചുകഴിയേണ്ടിവന്ന അവര്‍ണജനതയ്ക്ക്, അത് ആശ്വാസവും ആവേശവും പുതുപ്രത്യാശയും പകര്‍ന്നു. മനുഷ്യനും മനുഷ്യനും തമ്മില്‍ ഉച്ചനീചത്വം കല്പിച്ച പഴയ വിശ്വാസസംഹിതകളുടെ സ്ഥാനത്ത് പുതുമാനവികതാബോധം തിരിച്ചറിയപ്പെട്ടു. അത് ഒരു വിഭാഗത്തിന്റെ വന്‍ പ്രതിഷേധത്തിന് കാരണമായി. അന്ന് പ്രതിഷേധവുമായിവന്ന സവര്‍ണജാതിക്കാരോട് ഗുരു നല്കിയ മറുപടി 'നാം ഈഴവ ശിവനെയാണല്ലോ പ്രതിഷ്ഠിച്ചത്' എന്നായിരുന്നു. ആ പ്രതിഷ്ഠയുംഗുരുവിന്റെ വ്യാഖ്യാനവും പില്ക്കാലത്ത് കേരളീയ നവോത്ഥാനത്തിന്റെ അടിസ്ഥാന ശിലാസ്ഥാപനമായാണ് വിലയിരുത്തപ്പെട്ടത്.
ഇതരപ്രതിഷ്ഠകളും ക്ഷേത്രനിര്‍മാണവും
സകലര്‍ക്കും പ്രവേശനമുള്ളതെന്ന നിലയില്‍ അരുവിപ്പുറം ക്ഷേത്രം അംഗീകരിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ കേരളത്തിനകത്തു നിന്നും പുറത്തുനിന്നും ഇതുപോലുള്ള ക്ഷേത്രങ്ങള്‍ നിര്‍മിക്കണമെന്ന അഭ്യര്‍ഥന ഏറിവന്നു. അതില്‍ മിക്കതിനെയും അംഗീകരിക്കുകയും, ഗുരു നേരിട്ടോ ശിഷ്യന്മാര്‍ മുഖാന്തിരമോ പ്രതിഷ്ഠ നടത്തിക്കൊടുക്കുകയും ചെയ്തു. ശിവശതകം എന്ന സ്തോത്രം ഇദ്ദേഹം രചിച്ചതും ഇക്കാലയളവിലാണ്. അരുവിപ്പുറം, മണ്ണന്തല, കോലാത്തുങ്കര, കായിക്കര-ഏറത്ത്, കുന്നംപാറ, കുമാരമംഗലം, കരുനാഗപ്പള്ളി, മുരുക്കുംപുഴ, ചേര്‍ത്തല, പെരിങ്ങോട്ടുകര, മുട്ടയ്ക്കാട്ട്, തൃശിവപ്പേരൂര്‍, കോഴിക്കോട്, കോട്ടാര്‍, തലശ്ശേരി, കണ്ണൂര്‍, പാലക്കാട്, മംഗലാപുരം, പാണാവള്ളി, ശിവഗിരി, അഞ്ചുതെങ്ങ് തുടങ്ങിയ നിരവധി ഇടങ്ങളില്‍ ഗുരു നേരിട്ടെത്തി വിഗ്രഹപ്രതിഷ്ഠ നടത്തി. ഏതു ജാതിയില്‍പ്പെട്ടവനും ക്ഷേത്രം പ്രതിഷ്ഠിക്കാനും ആരാധിക്കാനും അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് നാരായണഗുരു നൂറോളം ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു.
ജനങ്ങളുടെ വിശ്വാസങ്ങളുടെ നിലവാരത്തെ കണക്കിലെടുത്തുകൊണ്ട് പലതരത്തിലുള്ള ക്ഷേത്രങ്ങളാണ് നിര്‍മിക്കപ്പെട്ടത്. ചിലതില്‍ ബിംബങ്ങളായിരുന്നു; അല്ലെങ്കില്‍, മറ്റു ചിലതില്‍ നിലവിളക്ക്. ചിലപ്പോള്‍ ബിംബങ്ങള്‍ക്കു പകരം കണ്ണാടിയും. താന്‍ സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ പലതിലും കീഴ്ജാതിക്കാര്‍ക്ക് വിലക്കുകള്‍ കല്പിക്കപ്പെട്ടിട്ടുള്ളതറിഞ്ഞ് ഗുരു വേദനിച്ചു. ഒടുവില്‍ ക്ഷേത്രനിര്‍മാണത്തെത്തന്നെ വളരെയൊന്നും പ്രോത്സാഹിപ്പിക്കാതെയായി. 1917-ല്‍ ഈഴവ സമുദായങ്ങള്‍ക്കു നല്കിയ ഒരു സന്ദേശത്തില്‍ ഇദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചതായി കാണുന്നു: "ഇനി ക്ഷേത്രനിര്‍മാണത്തെ പ്രോത്സാഹിപ്പിക്കരുത്. ക്ഷേത്രത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറഞ്ഞുവരികയാണ്. അമ്പലം കെട്ടുവാന്‍ പണം ചെലവിടരുത്. ദുര്‍വ്യയമായി എന്ന് അവര്‍ പശ്ചാത്തപിക്കുവാന്‍ ഇടയുണ്ട്. കാലത്തിന് അത്രമാത്രം മാറ്റം വന്നിരിക്കുന്നു. എങ്കിലും തത്ക്കാലം ക്ഷേത്രം വേണ്ടെന്നു പറഞ്ഞാല്‍ ജനങ്ങള്‍ കേള്‍ക്കുകയില്ല. നിര്‍ബന്ധമാണെങ്കില്‍ ചെറിയ ക്ഷേത്രം വച്ചുകൊള്ളട്ടെ. പ്രധാനദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ച് പള്ളിക്കൂടങ്ങള്‍ കെട്ടുവാനാണ് ഉത്സാഹിക്കേണ്ടത്. ശുചിത്വവും മറ്റും ഉണ്ടാക്കുവാന്‍ ക്ഷേത്രം കൊള്ളാം. ജാതിഭേദം കൂടാതെ ഒരു പൊതു ആരാധന സ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചുചേര്‍ക്കുവാന്‍ ക്ഷേത്രങ്ങള്‍ വഴി കഴിയുമെന്നു തോന്നിയിരുന്നു. അനുഭവം നേരെ മറിച്ചാണ്. ക്ഷേത്രം ജാതിവ്യത്യാസത്തെ അധികമാക്കുന്നു. ഇനി ജനങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുക്കണം, അവര്‍ക്ക് അറിവുണ്ടാകട്ടെ. അതുതന്നെയാണ് അവരെ നന്നാക്കാനുള്ള മരുന്ന്.
ശ്രീനാരായണ ധര്‍മപരിപാലന യോഗം
ജനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദൂരീകരിക്കുവാനുള്ള ശ്രമങ്ങളും ഇദ്ദേഹം നടത്തിക്കൊണ്ടിരുന്നു. അത്തരം ചില വിശ്വാസങ്ങളില്‍ അടിസ്ഥാനമായിരുന്ന കുട്ടിച്ചാത്തന്‍, കരിങ്കാളി തുടങ്ങിയ ദേവതാരാധനകളെ തച്ചുടയ്ക്കുവാനും; ആട്, കോഴി മുതലായ ജന്തുക്കളെ ബലി നല്കുന്നത് അവസാനിപ്പിക്കുവാനും ഇദ്ദേഹം ഉപദേശിച്ചു. പഴയ സാമൂഹ്യാചാരങ്ങളെയെന്നപോലെ പഴയ ദേവതാ സങ്കല്പങ്ങളെയും ഇദ്ദേഹം വെല്ലുവിളിച്ചു. അതുകൊണ്ടുതന്നെ നാരായണഗുരുവിന്റെ മുദ്രാവാക്യങ്ങള്‍ ബ്രാഹ്മണജന്മി മേധാവികളെ അരിശം കൊള്ളിച്ചു. എന്നാല്‍, എതിര്‍പ്പുകളെ വകവയ്ക്കാതെ ജീവിതത്തിന്റെ പ്രധാനഭാഗം ജന്മിമേധാവിത്വത്തിനും ജാതിവിവേചനങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരായ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇദ്ദേഹം വിനിയോഗിച്ചു.
മലയാളകവിതയ്ക്കു മാനവമോചനത്തിന്റെ കരുത്തേകിയ മഹാകവി കുമാരനാശാനും വിദ്യാഭ്യാസരംഗത്ത് അനന്യസംഭാവനകള്‍ നല്കിയ ഡോ. പല്‍പ്പുവും ഇക്കാലയളവിലാണ് ഗുരുവിനോടൊപ്പം അണിചേര്‍ന്നത്.
സാമൂഹികമായ അവശതകള്‍ നൂറ്റാണ്ടുകളായി അനുഭവിച്ച ജനവിഭാഗങ്ങളെ നാനാപ്രകാരേണയും ഉദ്ധരിക്കുന്നതിന് ഒരു സമുദായ സംഘടനയുണ്ടാകേണ്ടത് ആവശ്യമാണെന്ന് മനസ്സിലാക്കിയ നാരായണഗുരു, അരുവിപ്പുറം ക്ഷേത്രയോഗമായ വാവൂട്ടു സംഘത്തെ സമുദായ സംഘടനയാക്കിമാറ്റുവാന്‍ തീരുമാനിച്ചു. 1895-ല്‍ ബാംഗ്ളൂരില്‍ വച്ച് ഡോ. പല്പുവുമായുണ്ടായ കൂടിക്കാഴ്ചയാണ് ഒരു സംഘടനയുടെ അനിവാര്യതയിലേക്ക് ഗുരുവിന് പ്രേരണയായത്. തുടര്‍ന്നാണ് അരുവിപ്പുറം ക്ഷേത്രയോഗം 1903 മേയ് 15-ന് ശ്രീനാരായണ ധര്‍മപരിപാലന യോഗം (എസ്.എന്‍.ഡി.പി.യോഗം) ആയി രജിസ്റ്റര്‍ ചെയ്തത്. കേരളത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള സമുദായാംഗങ്ങള്‍ തുടക്കത്തില്‍ എസ്.എന്‍.ഡി.പി. യോഗത്തില്‍ അണിചേര്‍ന്നിരുന്നു. അരുവിപ്പുറം ക്ഷേത്രയോഗത്തിന്റെ പ്രത്യേക പൊതുസമ്മേളനം കൂടിയായിരുന്നു എസ്.എന്‍.ഡി.പി. യോഗത്തിന്റെ രൂപീകരണം.
സമുദായോന്നമനത്തിനായി ഗുരു നിര്‍ദേശിച്ച മതം, സദാചാരം, വിദ്യാഭ്യാസം, വ്യവസായം എന്നീ വിഷയങ്ങളിലൂന്നിയാണ് യോഗം പ്രവര്‍ത്തിച്ചത്. സ്ഥാപക സെക്രട്ടറി എന്ന നിലയില്‍ മഹാകവി കുമാരനാശാന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം യോഗത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. ഡോ. പല്പുവിന്റെ പ്രവര്‍ത്തനങ്ങള്‍ യോഗരൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
എസ്.എന്‍.ഡി.പി.യുടെ സാമൂഹ്യപരിഷ്കരണപ്രവര്‍ത്തനങ്ങള്‍ക്ക് ഗുരു മാര്‍ഗനിര്‍ദേശം നല്കി. സ്വജനങ്ങള്‍ക്കിടയില്‍ നിലനിന്നുപോന്ന അനാചാരങ്ങള്‍ അവസാനിപ്പിക്കുവാനും ഗുരു യത്നിച്ചു. താലികെട്ടു കല്യാണം, പുളികുടി, പുടവകൊട, അടിയന്തിരം എന്നീ ചടങ്ങുകള്‍ അവസാനിപ്പിക്കാനും പുതിയ വിവാഹരീതികളും ചടങ്ങുകളും പ്രചരിപ്പിക്കുവാനും നേരിട്ടും എസ്.എന്‍.ഡി.പി. മുഖേനയും ഗുരു പ്രയത്നിച്ചു. 1904 മുതല്‍ക്കുതന്നെ വര്‍ക്കല തന്റെ പുതിയ പ്രവര്‍ത്തനമണ്ഡലമായി ഗുരു തിരഞ്ഞെടുക്കുകയും 1909 ചിങ്ങമാസത്തില്‍ ശാരദാമഠത്തിന് തറക്കല്ലിടുകയും ചെയ്തു. ഗുരുവിന്റെ അമ്പത്തിമൂന്നാം പിറന്നാളായിരുന്നു അന്ന്. 1912-ല്‍ ആശ്രമം പൂര്‍ത്തിയാവുകയും ചെയ്തു. ആ സ്ഥലത്തിന് ശിവഗിരി എന്ന പേരു നല്കിയതും നാരായണഗുരുവാണ്.
ചുരുങ്ങിയ കാലംകൊണ്ട് എസ്.എന്‍.ഡി.പി. യോഗം കേരളം മുഴുവന്‍ വ്യാപിക്കുകയും വളരുകയും ചെയ്തു. കാലക്രമത്തില്‍ സ്വന്തം പ്രസ്ഥാനത്തില്‍ത്തന്നെ സങ്കുചിത മനോഭാവം കണ്ടുതുടങ്ങിയപ്പോള്‍ താന്‍ പഠിപ്പിക്കുകയും പ്രതിനിധാനം ചെയ്യുകയും ചെയ്ത അദ്വൈതവേദാന്തസാരത്തെ താത്ത്വികമായി ഗ്രഹിക്കുവാന്‍ ഇദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. ക്ഷേത്രവും സംഘടനയുമെല്ലാം ലക്ഷ്യം പ്രാപിക്കാനുള്ള സജ്ജീകരണങ്ങള്‍ മാത്രമായാണ് നാരായണഗുരു കണ്ടിരുന്നത്. എന്നാല്‍ ഗുരുവിനെ മനസ്സിലാക്കാന്‍ ഇദ്ദേഹത്തിന്റെ അനുയായികളില്‍ ചിലര്‍ക്കു കഴിഞ്ഞില്ല.
കടപ്പാട് Wkipedia
അദ്വൈതാശ്രമം
വര്‍ക്കല ഉപേക്ഷിച്ചുപോന്ന നാരായണഗുരു, 1913-ല്‍ ആലുവാപ്പുഴയുടെ തീരത്ത് ഒരു അദ്വൈതാശ്രമം സ്ഥാപിച്ചു. ശങ്കരാചാര്യര്‍ കാണിച്ചതും താന്‍തന്നെ നവീകരിച്ച് ആവര്‍ത്തിച്ചതുമായ അദ്വൈത സിദ്ധാന്തമനുസരിച്ച് ജാതികളെയും മതങ്ങളെയും തത്ത്വചിന്താസംബന്ധമായ ഭിന്ന മാര്‍ഗങ്ങളെയും ഇദ്ദേഹം സമന്വയിപ്പിച്ചു. ഗുരുവിന്റെ 60-ാം പിറന്നാള്‍ ആഘോഷിക്കപ്പെട്ടത്, പുതിയ ആശ്രമത്തില്‍വച്ചാണ്. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന ആഹ്വാനമുണ്ടായത് ഈ അവസരത്തിലാണ്. 'ജാതി മനുഷ്യരില്‍ കയറി മൂത്തുപോയി. ശങ്കരാചാര്യരും അതില്‍ തെറ്റുകാരനാണ്. ബ്രഹ്മസൂത്രവും ഗീതയുമെഴുതിയ വ്യാസന്‍ ചാതുര്‍വര്‍ണ്യത്തെക്കുറിച്ച് രണ്ടിടത്ത് രണ്ടുവിധം പറഞ്ഞിരിക്കുന്നു. ജാതി കളയണം, അല്ലാതെ രക്ഷയില്ല. മനുഷ്യരെല്ലാം ഒരു സമുദായമാണല്ലോ. ആ നില വരത്തക്കവണ്ണം ജാതി ഉപേക്ഷിക്കണം' എന്ന് ഇദ്ദേഹം ആഹ്വാനം ചെയ്തു.എല്ലാ വിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുമിച്ചു താമസിച്ചു പഠിക്കുവാന്‍ സൗകര്യമുള്ള ഒരു സംസ്കൃത വിദ്യാലയത്തിന് ആലുവ അദ്വൈതാശ്രമത്തില്‍ ഗുരു തുടക്കം കുറിക്കുകയുണ്ടായി.
ആചാരപരിഷ്കാരങ്ങള്‍
പുതിയ രീതിയിലുള്ള വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. സ്ത്രീകളുടെ അടിമത്തത്തെയും തിരണ്ടുകുളി, സദ്യ, താലികെട്ടുകല്യാണം തുടങ്ങിയ അനാചാരപരമായ ധൂര്‍ത്തുകളെയും ഇദ്ദേഹം എതിര്‍ത്തു. പ്രാകൃതമായ വിവാഹസമ്പ്രദായങ്ങള്‍ക്കു പകരം ആധുനിക യുഗത്തിനു യോജിച്ച വിവാഹസമ്പ്രദായങ്ങളേര്‍പ്പെടുത്തുവാന്‍ ഇദ്ദേഹം ആഹ്വാനം ചെയ്തു. 1908-ല്‍ ഗുരു എഴുതി. 'ഏകകാലത്തില്‍ ഒരുത്തന് ഒന്നിലധികം ഭാര്യമാരും ഒരുത്തിക്ക് ഒന്നിലധികം ഭര്‍ത്താക്കന്മാരും ഇപ്പോള്‍ ചില ദിക്കുകളില്‍ കാണുന്നുണ്ട്. ഈ ഏര്‍പ്പാട് മേലാല്‍ യഥേഷ്ടം നടപ്പാക്കാതിരിക്കാന്‍ വേണ്ടത് ആലോചിക്കണം'. ഫ്യൂഡല്‍ വിവാഹരീതികള്‍ മാത്രമല്ല, ഫ്യൂഡല്‍ സ്വത്തവകാശക്രമങ്ങളും മാറ്റണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. 'സ്വജനങ്ങളില്‍ മരുമക്കത്തായം അനുസരിക്കുന്നവരുടെ ഇടയില്‍ ഒരുത്തന്റെ സ്വന്തസമ്പാദ്യത്തില്‍ നിന്ന് ഒരംശത്തിനെങ്കിലും അവര്‍ മുറപ്രകാരം വിവാഹം കഴിച്ച ഭാര്യയും മക്കളും അവകാശികളായിരിക്കാന്‍ നിയമം വേണം' എന്നിദ്ദേഹം അഭിപ്രായപ്പെട്ടു. 1918-ല്‍ ഗുരു സിലോണിലെത്തി അവിടെ ഒരു കേന്ദ്രമുണ്ടാക്കി. 1923-ല്‍ ഇദ്ദേഹം വീണ്ടും അവിടം സന്ദര്‍ശിച്ചിരുന്നു.
ജാതിവ്യവസ്ഥയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന പന്തിഭോജനം, മിശ്രവിവാഹം മുതലായവയെ ഇദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഗുരുവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇദ്ദേഹത്തിന്റെ അനുയായിയും സാമൂഹ്യപരിഷ്കര്‍ത്താവും ആയിരുന്ന സഹോദരന്‍ അയ്യപ്പന്‍ ആലുവായില്‍ ഒരു സഹോദരസമ്മേളനം സംഘടിപ്പിച്ചു. ഭിന്നഭാഷക്കാരും ഭിന്ന സമൂഹങ്ങളും തമ്മില്‍ ഭരണത്തിലോ വിവാഹത്തിലോ ജാതി ഗണിക്കേണ്ടതില്ലെന്ന് ഈ അവസരത്തില്‍ ഗുരു പ്രഖ്യാപിക്കുകയുണ്ടായി. പുതിയ പുതിയ വ്യവസായങ്ങള്‍ വളര്‍ത്തണമെന്ന് ഇദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. ഗുരുവിന്റെ ആഭിമുഖ്യത്തില്‍ നടന്ന വ്യവസായ പ്രദര്‍ശനം കേരളത്തില്‍ ആദ്യത്തേതായിരുന്നു എന്ന പ്രത്യേകതയുണ്ട്. സാമൂഹ്യപരിഷ്കരണത്തിലും സാഹിത്യത്തിലും നിറഞ്ഞു നിന്നിരുന്ന നാരായണഗുരുവിനെക്കുറിച്ച് കേട്ടറിഞ്ഞ രബീന്ദ്രനാഥടാഗൂര്‍ 1922 ന. 22-ന് ശിവഗിരിയിലെത്തി ഗുരുവിനെ നേരില്‍ കണ്ടു സൌഹൃദം പങ്കുവയ്ക്കുകയുണ്ടായി.
1924-ല്‍ വിവിധ മതങ്ങളുടെ അനുയായികളെ ഒന്നിച്ചു ഒരേ വേദിയില്‍ കൊണ്ടുവരാന്‍ നാരായണഗുരു മുന്‍കൈയെടുത്തു. ആലുവാ മണല്‍പ്പുറത്ത് നടന്ന സര്‍വമതസമ്മേളനത്തില്‍ ഗുരു തന്നെയായിരുന്നു അധ്യക്ഷനായിരുന്നത്.
കടപ്പാട് Wkipedia
ഗാന്ധിജിയും ഗുരുവും
അവര്‍ണരുടെ ക്ഷേത്രപ്രവേശന അവകാശത്തിനായി മാധവന്റെയും എ.കെ.ജി.യുടെയും മറ്റും നേതൃത്വത്തില്‍ നടന്ന വൈക്കം സത്യഗ്രഹസമരത്തോട് പരിപൂര്‍ണമായ ഐക്യദാര്‍ഢ്യമാണ് നാരായണഗുരു പ്രദര്‍ശിപ്പിച്ചത്. സത്യഗ്രഹ ആവശ്യങ്ങള്‍ക്കായി യോഗത്തിന്റെ നിയന്ത്രണത്തിലുള്ള വൈക്കം വെല്ലൂര്‍ മഠം വിട്ടുകൊടുത്തു. മാത്രവുമല്ല വൈക്കം സത്യഗ്രഹത്തിനാവശ്യമായ ഒരു ഭണ്ഡാരം ശിവഗിരിയില്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിലേക്കായി വീടുകള്‍ തോറും നടന്ന് പണപ്പിരിവ് നടത്തിയിരുന്ന സന്ന്യാസിമാരോടൊപ്പം ചില ദിവസങ്ങളില്‍ ഗുരുവും പങ്കുചേര്‍ന്നിരുന്നു. യോഗം പ്രസിഡന്റായിരുന്ന ഡോ. പി.എന്‍. നാരായണനെ വൈക്കം സത്യഗ്രഹികളെ ചികിത്സിക്കുന്നതിനായും ഗുരു അയയ്ക്കുകയുണ്ടായി.
വൈക്കം സത്യഗ്രഹികളെ സന്ദര്‍ശിക്കുന്നതിനായി 1925 മാര്‍ച്ച് 9-ന് ഗാന്ധിജി വൈക്കത്ത് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് മാ. 12-ന് നാരായണഗുരുവിനെ സന്ദര്‍ശിക്കുന്നതിനായി അദ്ദേഹം ശിവഗിരിയില്‍ എത്തി. വൈക്കം സത്യഗ്രഹത്തിന്റെ പ്രസക്തിയെയും ക്ഷേത്രപ്രവേശനം സംബന്ധിച്ചും സമൂഹത്തിലെ അസമത്വത്തെക്കുറിച്ചും സ്വാതന്ത്യ്ര-സമത്വ നിഷേധങ്ങളെക്കുറിച്ചും ഇരുവര്‍ക്കുമിടയില്‍ സംവാദമുണ്ടായി. 'ബ്രിട്ടീഷുകാര്‍ പോകുമ്പോള്‍ ഭരണമേല്‍ക്കുന്നത് സനാതനികളാണെങ്കില്‍ അവര്‍ സ്മൃതിയും ശ്രുതിയും നോക്കിയല്ലേ രാജ്യം ഭരിക്കൂ. അങ്ങനെയാണെങ്കില്‍ ചണ്ഡാളനും ശൂദ്രനും എന്തു പ്രയോജനമാണ് കിട്ടുക?' എന്ന ഗുരുവിന്റെ ചോദ്യം ഗാന്ധിജിയെ ഏറെ സ്പര്‍ശിച്ചിരുന്നു.
'ഒരു വൃക്ഷത്തിലെ ഇലകള്‍ പലവിധത്തിലും പല ആകൃതിയിലും കാണുന്നതുപോലെ മനുഷ്യരുടെ ഇടയില്‍ നിലനില്ക്കുന്ന ജാതിവ്യത്യാസം ചാതുര്‍വര്‍ണ്യത്തെ അംഗീകരിക്കുകയല്ലേ?' എന്ന ഗാന്ധിജിയുടെ ചോദ്യത്തിനു മറുപടിയായി നാരായണഗുരു ഇങ്ങനെ പറയുകയുണ്ടായി.-'വൃക്ഷത്തിലെ ഇലകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നതു ശരിയാണ്. എന്നാല്‍ അവ അറുത്തെടുത്ത് പിഴിഞ്ഞുനോക്കിയാല്‍ അതിന്റെ നീരിന് ഒരേ നിറമായിരിക്കും; ഒരേ രുചിയായിരിക്കും.'
മഹാകവി കുമാരനാശാനായിരുന്നു, ഗാന്ധിജിയുടെയും ഗുരുവിന്റെയും ദ്വിഭാഷിയായി നിയോഗിക്കപ്പെട്ടിരുന്നത്.
1925 സെപ്.-ല്‍ നാരായണഗുരു വൈക്കം സത്യഗ്രഹികളെ സന്ദര്‍ശിക്കുകയും ആയിരം രൂപ സത്യഗ്രഹഫണ്ടിലേക്ക് സംഭാവന നല്കുകയും ചെയ്തു. സത്യഗ്രഹത്തില്‍ അണിചേരാനുള്ള തന്റെ താത്പര്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ അനാരോഗ്യത്തെ മാനിച്ച് വേണ്ടിവന്നാല്‍ മാത്രം ഗുരുവിന്റെ സാന്നിധ്യം മതി എന്നാണ് സമരസമിതി അറിയിച്ചത്.
കടപ്പാട് Wkipedia
ജീവിതസായാഹ്നം, സമാധി
ഗുരു ഒരിക്കല്‍ കൂടി സിലോണിലേക്കു പുറപ്പെട്ടു. പന്ത്രണ്ടു ദിവസം നീണ്ടുനിന്ന സന്ദര്‍ശനത്തില്‍ ശ്രീനാരായണ ധര്‍മനിശാപാഠശാല, ദിവ്യശ്രീ വിജ്ഞാനോദയ യോഗം, മലയാളി വിജ്ഞാനോദയ യോഗം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയുണ്ടായി.
രാഷ്ട്രം മുഴുവന്‍ ആദരിക്കുമ്പോഴും നാരായണഗുരുവിനെ അപമാനിക്കുവാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. 1926 ഒ. 24-ന് ഗുരു രാമേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ തീരുമാനിച്ചിരുന്നു. അതിനുമുമ്പും ഗുരു അവിടെ ദര്‍ശനം നടത്തിയിട്ടുള്ളതാണ്. എന്നാല്‍, വൈക്കം സത്യാഗ്രഹത്തിന് അനുകൂല നിലപാട് സ്വീകരിച്ചുവെന്ന പേരില്‍ ഇക്കുറി ക്ഷേത്രഭാരവാഹികള്‍ ഗുരുവിന് ക്ഷേത്രപ്രവേശനം നിഷേധിച്ചു. 'തീണ്ടല്‍ ജാതിക്കാരനായ നാരായണഗുരു സ്വാമികള്‍ വരുന്നുണ്ട്; ക്ഷേത്രത്തിലും മറ്റും കയറ്റുന്നത് സൂക്ഷിക്കണം' എന്നു സൂചിപ്പിച്ച് രാമനാഥപുരം കളക്ടര്‍ ക്ഷേത്രഭാരവാഹികള്‍ക്ക് ഒരു കമ്പിസന്ദേശം അയച്ചു. തുടര്‍ന്ന് ഗുരുവിനുമേല്‍ ക്ഷേത്രദര്‍ശനത്തിന് വിലക്കു കല്പിച്ചു. ഇതറിഞ്ഞ ഗുരു ക്ഷേത്രദര്‍ശനം ഉപേക്ഷിക്കുകയുണ്ടായി.
1926-ല്‍ തന്റെ സ്വത്തുക്കള്‍ സന്ന്യസ്തശിഷ്യന്മാര്‍ക്കു കിട്ടത്തക്കവിധം ഗുരു വില്പത്രമെഴുതി. അതേവര്‍ഷം നീലഗിരിയില്‍ പോയി തന്റെ ശിഷ്യനായ നടരാജഗുരു സ്ഥാപിക്കാന്‍ പോകുന്ന ഗുരുകുലം സന്ദര്‍ശിക്കുകയും ചെയ്തു. 1928-ല്‍ ശ്രീനാരായണ ധര്‍മസംഘം സ്ഥാപിച്ചു. അക്കൊല്ലംതന്നെ ശിവഗിരി തീര്‍ഥാടനത്തിന് അനുവാദം നല്കുകയും "സംഘടനകൊണ്ടല്ലാതെ ഒരു സമുദായത്തിനും അഭിവൃദ്ധിയും ശക്തിയും ഉണ്ടാകുന്നതല്ല... അതുകൊണ്ടാണ് 25 വര്‍ഷം മുമ്പും നാം യോഗം സ്ഥാപിച്ചത്. ഈഴവര്‍ എന്ന പേരു ജാതിമതാദികളെ സൂചിപ്പിക്കുന്നതല്ല. അതുകൊണ്ട് ജാതിഭേദം നോക്കാതെ ആളുകളെ അംഗങ്ങളായി ചേര്‍ക്കാവുന്നതാണ്. യോഗത്തില്‍ ധാരാളം പേര്‍ ചേരട്ടെ എന്നു നാം ആശംസിക്കുന്നു എന്നു ശിവഗിരി സമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തു. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതികശാസ്ത്രപരിശീലനങ്ങള്‍ എന്നീ എട്ടുകാര്യങ്ങള്‍ തീര്‍ഥാടനത്തിലൂടെ നേടേണ്ടതായി ഗുരു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നാരായണഗുരു ഏറ്റവുമൊടുവില്‍ പങ്കെടുത്തത് 1928-ല്‍ കോട്ടയത്തു ചേര്‍ന്ന എസ്.എന്‍.ഡി.പി. യോഗത്തിന്റെ വിശേഷാല്‍ സമ്മേളനത്തിലായിരുന്നു. സംഘടന എന്നത് ജാതിമത താത്പര്യങ്ങള്‍ക്കതീതമായി എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്നതിനായിരിക്കണമെന്നും നാനാമുഖങ്ങളായ അസ്വാതന്ത്ര്യങ്ങള്‍ നിമിത്തം കഷ്ടപ്പെടുന്ന സമുദായങ്ങളുടെ മോചനമാര്‍ഗമായിരിക്കണമെന്നുമാണ് ഗുരു തന്റെ അവസാന പൊതുപരിപാടിയിലും അനുയായികളെ ഓര്‍മപ്പെടുത്തിയത്.
സമുദായത്തെയും സമൂഹത്തെയും ഉടച്ചുവാര്‍ത്ത ഗുരുവിന്റെ മുന്നേറ്റങ്ങളില്‍ ഇദ്ദേഹത്തോടൊപ്പം അണിചേര്‍ന്നവര്‍ നിരവധിയാണ്. അയ്യപ്പന്‍പിള്ളയെന്ന ശിവലിംഗദാസസ്വാമി, വൈരവന്‍ ശാന്തി, ശ്രീനാരായണചൈതന്യസ്വാമി, ശാന്തലിംഗസ്വാമി ഷണ്‍മുഖദാസസ്വാമി തുടങ്ങിയവര്‍ ഗുരുവിന്റെ അധ്യാത്മിക ശിഷ്യന്മാരായിരുന്നു.
പരവൂര്‍ കേശവനാശാന്‍, മരുതൂര്‍ കാണിയില്‍ കുഞ്ഞിക്കണ്ണന്‍, മിതവാദി കൃഷ്ണന്‍, സി.വി. കുഞ്ഞിരാമന്‍, മഹാകവി കുമാരനാശാന്‍, മുര്‍ക്കോത്തു കുമാരന്‍, എം. ഗോവിന്ദന്‍, എന്‍. കുമാരന്‍, ടി.കെ. മാധവന്‍, കെ. അയ്യപ്പന്‍, സി. കേശവന്‍, കെ. സുകുമാരന്‍, ആര്‍. ശങ്കര്‍ തുടങ്ങിയവര്‍ ഗുരുവിന്റെ ദര്‍ശനങ്ങളെയും പരിഷ്കരണ പ്രവര്‍ത്തനങ്ങളെയും സമൂഹത്തിന്റെ മധ്യത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചവരാണ്.
രോഗബാധിതനായതിനെത്തുടര്‍ന്ന് 1928 സെപ്. 20-ന് (1104 കന്നി 5) ശിവഗിരിയില്‍ വച്ച് നാരായണഗുരു സമാധിയടഞ്ഞു.
സന്ദേശങ്ങള്‍
1917-24 കാലഘട്ടത്തിലാണ് ഗുരുവിന്റെ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ പലതും പുറത്തുവന്നത്. നൂറ്റാണ്ടുകളായി അധഃസ്ഥിതരും മര്‍ദിതരുമായി കഴിഞ്ഞുകൂടിയ ജനസമൂഹത്തെ, ജാതിവ്യവസ്ഥയുമായി ഇഴചേര്‍ന്നു പന്തലിച്ച ഫ്യൂഡലിസത്തില്‍ നിന്നും മോചിപ്പിക്കുന്നതിനായുള്ള മുന്നേറ്റങ്ങളില്‍ ഏവര്‍ക്കുമായുള്ള ക്ഷേത്രങ്ങളും പ്രതിഷ്ഠകളും വലിയ പങ്കുവഹിച്ചിരുന്നു. എന്നാല്‍ ക്ഷേത്രങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള വസ്തുവകകളും സ്വന്തമായതോടെ നാരായണഗുരു അക്കാലത്ത് സ്ഥാപിച്ച ചില ക്ഷേത്രങ്ങളിലും യാഥാസ്ഥിതികത കടന്നുകൂടിയിരുന്നു.
1917-ല്‍ സഹോദരന്‍ അയ്യപ്പന്‍ നേതൃത്വം നല്‍കിയ പന്തിഭോജനത്തിനും സമൂഹവിവാഹങ്ങള്‍ക്കും ഉറച്ച പിന്തുണ നല്കിക്കൊണ്ട് കൈമാറിയ സന്ദേശം, "മനുഷ്യരുടെ മതം, വേഷം, ഭാഷ എന്നിവ എങ്ങിനെയായിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല എന്നായിരുന്നു. "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്; "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നീ സന്ദേശങ്ങള്‍ മാനവികതയുടെ ഉത്തമദര്‍ശനങ്ങളാണ്. സമൂഹത്തെ കാര്‍ന്നുതിന്നുകയായിരുന്ന മദ്യത്തെ, കുടുംബാന്തരീക്ഷത്തില്‍ നിന്നും ഉന്മൂലനം ചെയ്യുന്നതിനായി "മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്നായിരുന്നു 1920-ലെ പിറന്നാള്‍ സന്ദേശം.
ഗുരുവിന്റെ ജീവിതകാലത്ത് ഏതാണ്ട് 40-ഓളം മദ്യഷാപ്പുകള്‍ക്കെതിരെ ജനകീയ സമരം നടന്നിരുന്നു. ജാതിവ്യവസ്ഥയെയും, ജന്മിത്വത്തെയും, യാഥാസ്ഥികതയെയും മറികടക്കാന്‍ ഗുരു നല്‍കിയ "ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത് മുതലായ സന്ദേശങ്ങള്‍ കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രക്രിയയുടെ ആധാരശിലകളാണ്.
കടപ്പാട് Wkipedia
ദര്‍ശനങ്ങള്‍
എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല, ഒന്നാണെന്നുമാണ് ഗുരു അനുശാസിച്ചത്. തന്റെ മതദര്‍ശനത്തെ ഏകമതം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മോപദേശകശതകം എന്ന ഗ്രന്ഥത്തില്‍ മതത്തെപ്പറ്റി സുചിന്തിതമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിരുന്നു.
'പലമതസാരവുമേകമെന്നു പാരാ
തുലകിലൊരാനയിലന്ധരെന്ന പോലെ
പലവിധയുക്തി പറഞ്ഞു പാമരന്മാ
രലവതു കണ്ടാലായതുമറന്നിടേണം'
ശങ്കരാചാര്യരുടെ അദ്വൈതസിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു നാരായണ ഗുരുവിന്റെ ദൈവസങ്കല്പം. ആത്മാവാണ് പരമപ്രധാനം. ഈശ്വരന് ഇവിടെ താത്ത്വികാസ്തിത്വം ഇല്ല. ദൃക്പദാര്‍ഥമാണ് ആത്മാവ്. അല്ലെങ്കില്‍ ഗ്രന്ഥം അതിനു ദൃശ്യമല്ല. അതിനാല്‍ത്തന്നെ അത് മിഥ്യയുമാണ്. എന്നാല്‍ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തില്‍ നാനാരൂപങ്ങള്‍ കല്പിക്കപ്പെട്ടിരിക്കുന്നു. അതാണ് ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ ത്രയങ്ങള്‍. എന്നാല്‍ ഗുരു 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്നു ശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാല്‍ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെത്തന്നെയാണ് വിവക്ഷിച്ചത്. ആ ദൈവത്തില്‍ ജാതിയോ, മതമോ ഉണ്ടായിരുന്നില്ല. ചാതുര്‍വര്‍ണ്യത്തെ ഉപാസിക്കാതെ മാനവികമായ സമഭാവനയുടെ മൂല്യത്തെയാണ് നാരായണഗുരു പിന്തുടര്‍ന്നതും പകര്‍ന്നുനല്കിയതും.
ജാതിസങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ കാഴ്ചപ്പാടാണ് ഗുരുവിനുണ്ടായിരുന്നത്. ജന്മംകൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി ഇദ്ദേഹം അംഗീകരിക്കുന്നില്ല. ജാതിലക്ഷണം, ജാതിനിര്‍ണയം എന്നീ കൃതികളില്‍ ഇദ്ദേഹം തന്റെ ജാതിസങ്കല്പം വ്യക്തമാക്കിയിട്ടുണ്ട്.
'മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ തത്ത്വം വേത്തി കോപി ന' എന്ന് ഇദ്ദേഹം നിര്‍വചിച്ചിട്ടുണ്ട്.
"മനുഷ്യരുടെ ജാതി മനുഷ്യത്വം, ഗോക്കളുടെ ജാതി ഗോത്വം, ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യന്‍, ശുദ്രര്‍, നായര്‍, നമ്പൂതിരി, ഈഴവര്‍, പറയര്‍, പുലയര്‍ തുടങ്ങിയവ മനുഷ്യത്വമോ, ഗോത്വമോ പോലുള്ള ജാതിയല്ലല്ലോ. എന്നാല്‍ ഈ തത്ത്വം അറിയാന്‍ ആരം തുനിയുന്നില്ല. ജന്മത്തിന്റെ അടിസ്ഥാനത്തില്‍ കല്പിക്കപ്പെട്ടിരിക്കുന്ന ജാതിക്ക് ശാസ്ത്രീയമായ അടിസ്ഥാനമൊന്നുമില്ല എന്ന് നാരായണഗുരു അഭിപ്രായപ്പെടുകയുണ്ടായി.
സാഹിത്യസംഭാവനകള്‍
മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലായി അറുപതില്‍പ്പരം കൃതികളാണ് ഗുരുവിന്റേതായി ലഭ്യമായിട്ടുള്ളത്. ഗദ്യത്തിലും പദ്യത്തിലും എഴുതപ്പെട്ട ഇവയെ സാഹിത്യവിമര്‍ശകര്‍ സ്ത്രോത്രപരം, ദാര്‍ശനികം, അനുശാസനികം എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. ഗുരു അവധൂതനായി നടന്നിരുന്ന ആദ്യകാലത്തെ പ്രതിനിധീകരിക്കുന്നവയാണ് സ്ത്രോത്രകൃതികള്‍. വിനായകന്‍, വിഷ്ണു, സുബ്രഹ്മണ്യന്‍, ശിവന്‍, ദേവി എന്നിവരെ ഉപശ്ളോകിച്ചു പാടിയിട്ടുള്ളവയാണ് ഇവയിലേറെയും. സംസ്കൃതത്തില്‍ രചിച്ചിട്ടുള്ള വിനായകാഷ്ടകം, ഗണപതി സ്ത്രോത്രങ്ങളാണ്. കേശാദിപാദ സ്തുതികളാണ് ഗുരുവിന്റെ ആദ്യകാലരചനകളായ ഷണ്‍മുഖ സ്ത്രോത്രവും ഷണ്‍മുഖദര്‍ശനവും. ലഘുകാവ്യമായ സുബ്രഹ്മണ്യകീര്‍ത്തനം ഭക്തിസാന്ദ്രമാണ്.
പാരായണയോഗ്യതയിലും പ്രാര്‍ഥനാപരതയിലും ഭക്തിസാന്ദ്രതയിലും മികവുറ്റവയാണ് ഗുരുവിന്റെ സ്ത്രോത്രങ്ങള്‍. ആത്മോപദേശശതകം, ദര്‍ശനമാല, അദ്വൈതദീപിക, ബ്രഹ്മവിദ്യാപഞ്ചകം, മുനിചര്യാപഞ്ചകം, നിര്‍വൃതിപഞ്ചകം, അറിവ് എന്നിവയാണ് ചില പ്രധാന കൃതികള്‍. ഇതില്‍ ആത്മോപദേശശതകമാണ് ഗുരുകൃതികളില്‍ ഏറ്റവും ശ്രദ്ധേയം. മലയാള ഭാഷയുടെ സാത്വിക വിതാനമായി ഇതിനെ സാഹിത്യവിമര്‍ശകര്‍ വിലയിരുത്തുന്നു. ആത്മാവിനെക്കുറിച്ച് ഉപദേശിക്കുന്നതെന്നും ആത്മാവിനോട് (തന്നോട്) നല്കുന്ന ഉപദേശം എന്നും ആത്മോപദേശശതകത്തെ വ്യാഖ്യാനിക്കാവുന്നതാണ്. പരമമായ സത്യം അറിവാണ് എന്നതാണ് ഈ കൃതിയിലെ പ്രതിപാദ്യം. മതമീമാംസയും സാമൂഹിക തത്ത്വചിന്തയും ഉപാസനയും കര്‍മവും ഭക്തിയുമെല്ലാം ഇതിന്റെ പരിധിയില്‍ ഉണ്ട്.
സംസ്കൃതത്തിലെ പത്ത് അനുഷ്ടുപ്പ് പദ്യം വീതം അടങ്ങുന്നതും ദര്‍ശനം എന്നു പേരുള്ളതുമായ പത്തുദശകം ഉള്‍ക്കൊള്ളുന്ന കൃതിയാണ് ദര്‍ശനമാല. ഗുരുവിന്റെ ഇതരകൃതികളെന്നപോലെ ഇതും അദ്വൈത സാരാംശമടങ്ങിയതാണ്. അധ്യാരോപം, അപവാദം, അസത്യം, മായ, ദാനം, കര്‍മം, ജ്ഞാനം, ഭക്തി, യോഗം, നിര്‍വാണം എന്നിവയാണ് ഇതില്‍ വര്‍ണിക്കപ്പെട്ടിട്ടുള്ള ദര്‍ശനങ്ങള്‍. ശ്രീനാരായണ ദര്‍ശനത്തിന്റെ സൂക്ഷ്മതലങ്ങളാണ് ദര്‍ശനമാലയിലും ആത്മോപദേശശതകത്തിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. ദൈവദശകം, ജാതിലക്ഷണം, ജാതിനിര്‍ണയം, അനുകമ്പദാദശകം, ജീവകാരുണ്യപഞ്ചകം എന്നിവയാണ് അനുശാസനപരങ്ങളായ കൃതികള്‍. ആദ്യവായനയില്‍ ലളിതമെന്നു തോന്നുന്ന ഒരു സ്ത്രോത്രമാണ് ദൈവദശകം. എന്നാല്‍, ഗഹനമായ വേദാന്തതത്ത്വങ്ങള്‍ ഏറെ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഇതില്‍ വേദാന്തങ്ങളും ഉപനിഷദ് സത്യങ്ങളും സമഞ്ജസമായി മേളിച്ചിരിക്കുന്നു.
മനുഷ്യത്വമാണ് ജാതിയെന്നും ബ്രാഹ്മണര്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിവ ജാതിയെ കുറിക്കുന്നില്ല എന്നും ജാതിനിര്‍ണയത്തിലും എന്താണ് ജാതിയുടെ ലക്ഷണം എന്ന് ജാതിലക്ഷണം എന്ന കൃതിയിലും വിശദീകരിച്ചിട്ടുണ്ട്. ഇണചേര്‍ന്ന് സന്താനോത്പാദനം നടത്താന്‍ കഴിയുന്നവയെ ഒരേജാതിയില്‍പ്പെടുത്താം എന്നാണ് ഗുരു അഭിപ്രായപ്പെടുന്നത്. സഹജീവികളോട് കാരുണ്യം കാണിക്കുകയും അവയെ ദയയില്ലാതെ കൊന്നുതിന്നുന്നത് തെറ്റാണെന്ന് തിരിച്ചറിയുകയും വേണമെന്ന് അനുശാസിക്കുന്ന കൃതിയാണ് ജീവകാരുണ്യപഞ്ചകം.
ഇവയ്ക്കു പുറമേ, സംസ്കൃതത്തില്‍ നിന്ന് ഈശാവാസ്യോപനിഷത്തും തമിഴില്‍ നിന്ന് തിരുക്കുറലിലെ നാല് അധ്യായങ്ങളും (1,2,3,6) ഒഴിവിലൊടുക്കവും ഗുരു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലെല്ലാം ഒരേ സര്‍ഗവൈഭവത്തോടെയാണ് ഗുരു ആത്മാവിഷ്കാരം നടത്തിയിരുന്നത്. ധര്‍മത്തിന്റെ വിവിധ വശങ്ങളെപ്പറ്റി ഗുരു ഗാഢമായി ചിന്തിച്ചുറപ്പിച്ച അഭിപ്രായങ്ങളാണ് ഗുരുശിഷ്യ സംവാദരൂപത്തില്‍ എഴുതപ്പെട്ട ശ്രീനാരായണധര്‍മം. വേദാന്തസൂത്രം, ദൈവചിന്തനം (1,2), ചിജ്ജഡചിന്തകം, ആത്മവിലാപം എന്നിവയാണ് ഗുരുവിന്റെ ഗദ്യകൃതികള്‍. മലയാളത്തില്‍ എഴുതപ്പെട്ടിട്ടുള്ള ഗുരുവിന്റെ അഞ്ചുകൃതികളില്‍ ആത്മവിലാപമാണ് പ്രധാനം. ക്ഷുദ്രജീവികളെ പൂജിക്കരുതെന്നാണ് രണ്ടു ഭാഗങ്ങളുള്ള ദൈവചിന്തനത്തില്‍ പ്രധാനമായും പറയുന്നത്. പലകാലത്തായി വ്യത്യസ്ത ഇടങ്ങളില്‍ വച്ച് പലരോടും നടത്തിയിട്ടുള്ള സംഭാഷണങ്ങളില്‍ കുറേയെല്ലാം ശേഖരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ നിന്ന് ഗുരുവിന്റെ സാഹിത്യം പൊതുവെയും ആയുര്‍വേദ അവഗാഹം വിശേഷിച്ചും മനസ്സിലാക്കാം. ഗുരുവിന്റെ വിചാരമണ്ഡത്തിലേക്ക് വെളിച്ചം വീശുന്നവയാണ് ഇവയുടെ പ്രതിപാദ്യം. നാരായണഗുരുവിന്റെ പ്രബോധനങ്ങള്‍ ഒരിക്കലും വാചാലമായിരുന്നില്ല. അത്രകണ്ട് ആറ്റിക്കുറുക്കിയവയായിരുന്നു അവ. ഒരു ഈഴവ ശിവനെ പ്രതിഷ്ഠിച്ചതിലല്ല, ഗുരുവിന്റെ മാഹാത്മ്യം. പലതും പ്രതിഷ്ഠിക്കാതിരുന്നതിനാലാണ്. അങ്ങനെ പ്രതിഷ്ഠയ്ക്കപ്പുറമുള്ള അറിവിന്റെ പരമചിദംബരം തേടാനാണ് ഗുരു തന്റെ കാവ്യങ്ങളിലൂടെ, മൗനങ്ങളിലൂടെ യത്നിച്ചത്.