തിളച്ചുരുകിയ മാഗ്മ ദ്രവരൂപത്തിലോ, ബാഷ്പമായോ, രണ്ടും ചേർന്നോ വൻതോതിൽ ഗ്രഹോപരിതലത്തിലേക്ക് ബഹിർഗമിക്കുന്ന ഭൂവല്കച്ഛിദ്രമാണ് അഗ്നിപർവതം. മിക്കപ്പോഴും ഇവ ഉയർന്ന കുന്നുകളുടെയോ പർവതങ്ങളുടെയോ രൂപത്തിലായിരിക്കും.
പാറ ഉരുകുമ്പോൾ ഒരുപാട് വാതകവും ഉണ്ടാകും. ഈ വാതകവും മാഗ്മയും കൂടിച്ചേരും. ഇങ്ങനെയുണ്ടാകുന്ന വസ്തുവിന് ചുറ്റുമുള്ളപാറകളേക്കാൾ ഭാരം കുറവായിരിക്കും. അതിനാൽ അത് മുകളിലേക്ക് ഉയർന്നുപൊങ്ങും. ഉയരുന്നതിനനുസരിച്ച് വഴിയിലുള്ള പാറകളേയും ഉരുക്കി കൂടെച്ചേർക്കും. ഭൂമിയുടെ ഉപരിതലത്തിന് ഏകദേശം 3 കിലോമീറ്റർ താഴെയെത്തുമ്പോൾ ഈ മാഗ്മക്കൂട്ടം ഒരു അറപോലെ നിറഞ്ഞുകിടക്കും. ഇതാണ് മാഗ്മ അറ. മാഗ്മ അറയ്ക്കു ചുറ്റുമുള്ള പാറകളിൽ നിന്നുള്ള മർദ്ദം കാരണം മാഗ്മ പൊട്ടിത്തെറിക്കുകയോ ദുർബല പാറകളെ ഉരുക്കി വിടവുകളുണ്ടാക്കി ഭൂമിയുടെ ഉപരിതലത്തിലേക്കു കുതിക്കുകയോ ചെയ്യും. ഉപരിതലത്തിലെത്താറാവുമ്പോൾ മാഗ്മയിലെ വാതകം വേർപെടും. അവിടെ ഒരു വിടവുണ്ടാക്കി വാതകവും മാഗ്മയുമെല്ലാം വെളിയിലേക്ക് ചാടും. ഇവ വലിയ ശിലാഖണ്ഡങ്ങൾ മുതൽ ചെറുകണങ്ങളും തരികളും വരെയായി വിവിധ വലുപ്പത്തിൽ ചിതറിവീഴുന്നു; ധൂമപടലങ്ങളും ഇതിന്റെകൂടെയുണ്ടാകാം. സാന്ദ്രമായ നീരാവി ശിലാധൂളിയുമായി കലർന്നുണ്ടാകുന്ന ഇരുണ്ട വിഷമയപദാർഥങ്ങൾ ധൂമപടലമായി പ്രത്യക്ഷപ്പെടുന്നു. ചിലപ്പോൾ ഇവ മേഘപാളിപോലെ കാണപ്പെടും.
അഗ്നിപർവതം പൊട്ടി ലാവ കടലിലേയ്ക്ക് ഒഴുകുന്ന മനോഹര ദൃശ്യം
അഗ്നിയും ചാരവും പാറയും മറ്റും പുറംതള്ളുന്ന പർവ്വതങ്ങളെ വോൾക്കാനോ പറയുന്നു..