Khajuraho Temples
ഖജുരാഹോ ഒരു നിഗൂഢതയാണ്. പുരാവൃത്തവും ചരിത്രവും ഉദാത്തമായ കലയും നഗ്നമായ ലൈംഗികതയും കൂടിക്കലരുന്ന നിഗൂഢത. ഘോരവനവും ക്രൂരമൃഗങ്ങളും ചൂഴുന്ന വിജനതയില്‍ 84 ക്ഷേത്രങ്ങളും എണ്ണമറ്റ ശില്‍പ്പങ്ങളുമുള്ള ഒരു മഹാക്ഷേത്ര സമുച്ചയം. ലോകത്തെ ഏറ്റവും മികച്ച ക്ഷേത്രശില്‍പ്പകലാ നിദര്‍ശനം. അഭൗമമായ സൗന്ദര്യപ്രകാശം അതില്‍ നിന്ന് ഇപ്പോഴും ജ്വലിച്ചുയരുന്നു.
ലോകം മുഴുവന്‍ നമിക്കുന്ന ഈ ശില്‍പ്പവിസ്മയത്തെ വാരിപ്പുണരാന്‍ പക്ഷെ ഇന്ത്യന്‍ മനസ്സ് മടിക്കുന്നുണ്ടോ? വിദേശികള്‍ വരിവരിയായി വന്നു കൊണ്ടിരിക്കുന്ന ഖജുരാഹോവിലേക്ക് ഇന്ത്യക്കാരന്‍ അപൂര്‍വമായി മാത്രം പ്രവേശിക്കുന്നു. നഗ്നശില്‍പ്പങ്ങള്‍ക്കും രതിക്രീഡാ ചിത്രണങ്ങള്‍ക്കും മുന്നില്‍ നിന്ന് ഇന്ത്യക്കാരന്‍ കുട്ടികളുടെ കണ്ണുപൊത്തിപ്പിടിച്ച് അതിവേഗം ഓടിയൊളിക്കുമ്പോള്‍ വിദേശികള്‍ അതിന്റെ മാസ്മരികസൗന്ദര്യത്തില്‍ സ്തബ്ധരായി മയങ്ങിനില്‍ക്കുന്നു. തൊട്ടും ലാളിച്ചും അവരത് ആസ്വദിക്കുന്നു.
സത്യത്തില്‍, ഖജുരാഹോ എന്താണ്? നഗ്നശില്‍പ്പങ്ങളുടെ മഹാവനമോ? ഉദാത്തകലയുടെ പൂങ്കാവനമോ? അതോ ആദിമചോദനകളുടെ നൃത്തമണ്ഡപമോ? എന്തുകൊണ്ടാണ് ഇത്രയേറെ നഗ്നതയുള്ള ഒരു നിര്‍മ്മിതി നമ്മുടെ നാട്ടില്‍ ഉണ്ടായത്? എന്തുകൊണ്ടാണ് ഇത്രകാലം അതു മറവിയുടെയും അവഗണനയുടെയും മഹാവനത്തില്‍ മറഞ്ഞുകിടന്നത്? എന്തുകൊണ്ടാണ് അധികം ഇന്ത്യക്കാര്‍ ഖജുരാഹോയില്‍ പോകാത്തത്? ഇത്ര സുന്ദരവും സമ്പൂര്‍ണവും സമഗ്രവുമായ ശില്‍പ്പകല നമുക്കു മാത്രം എന്താണ് ആസ്വദിക്കാന്‍ കഴിയാതെ പോകുന്നത്? ഖജുരാഹോവിലെ അമ്പരപ്പിക്കുന്ന ശില്‍പ്പവനത്തില്‍ അദ്ഭുതാദരങ്ങളോടെ നില്‍ക്കുമ്പോള്‍ മനസ്സില്‍ മുഴങ്ങിയത് ഈ ചോദ്യങ്ങളാണ്
ജീവിതം ഒരുത്സവമാണ് എന്ന വിളംബരമാണ് ഖജുരാഹോ ശില്‍പ്പങ്ങള്‍. ആനന്ദം തുള്ളിത്തുളുമ്പുന്ന ഒരു നിര്‍മ്മിതി. സ്‌നേഹം, പ്രണയം, കാമം, ആനന്ദം, സൗന്ദര്യം, പൂര്‍ണത, ഉദാത്തത, ആവിഷ്‌കാരസ്വാതന്ത്ര്യം തുടങ്ങി എല്ലാ ഘടകങ്ങളും സമന്വയിക്കുന്ന കലയുടെ ശ്രീകോവില്‍. ലോകത്തിന് ഇന്ത്യ കാഴ്ചവെച്ച വിസ്മയസമ്മാനം. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇത് ഇടം പിടിച്ചതില്‍ അദ്ഭുതമില്ല.
വാരണാസിക്കു പടിഞ്ഞാറും ഗംഗയ്ക്കു തെക്കുമായി കിടക്കുന്ന ബുന്ദേല്‍ഖണ്ഡ് വനത്തിനു നടുവിലാണ് ഖജുരാഹോ. എഡി 950 മുതല്‍ 1050 വരെ, ചന്ദേല രാജാക്കന്മാരുടെ പ്രതാപകാലത്താണ് ഖജുരാഹോയിലെ ക്ഷേത്രസമുച്ചയങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. ചന്ദ്രവര്‍മ്മനെന്ന ചന്ദേല രാജാവാണ് ഇതിന്റെ നിര്‍മ്മിതിക്ക് പിന്നില്‍. അതു പൂര്‍ത്തിയാവുന്നതും കീര്‍ത്തിയാര്‍ജിക്കുന്നതും അദ്ദേഹത്തിന്റെ പിന്‍തലമുറയുടെ കാലത്താണ്. പിന്നീടെപ്പോഴോ അതു വിസ്മൃതിയുടെ ഇരുള്‍ക്കയങ്ങളിലേക്ക് ആണ്ടുപോയി. 1838ല്‍ ബ്രിട്ടീഷ് എന്‍ജിനിയറായ ടി.എസ്.ബുര്‍ട് ഈ ക്ഷേത്രസമുച്ചയത്തെ പുറംലോകത്തിനു പരിചയപ്പെടുത്തി ക്കൊടുക്കുന്നതുവരെ അതു വെറും കാനനക്ഷേത്രമായി മറഞ്ഞുകിടന്നു.
മിലിട്ടറി എന്‍ജിനിയറായിരുന്ന ബുര്‍ട്ട് ഒരു അസൈന്‍മെന്റിന്റെ ഭാഗമായി ബുന്ദേല്‍ഖണ്ഡിലെത്തിയപ്പോഴാണ് ഈ ക്ഷേത്ര സമുച്ചയം കണ്ടത്. അമ്പരപ്പിക്കുന്ന ആ ശില്‍പ്പകല കാടിനകത്തു മറഞ്ഞുകിടക്കുന്നത് അവിശ്വസനീയമായി അദ്ദേഹത്തിനു തോന്നി. മറ്റേതു രാജ്യത്തായാലും ഇങ്ങിനെ ഒരു മഹാനിര്‍മിതി കാടിനകത്ത് ഉപേക്ഷിക്കപ്പെടുമായിരുന്നോ എന്നദ്ദേഹം അതിശയിച്ചു. പുറം ലോകം ഇതിനെക്കുറിച്ചറിയണം എന്ന് അദ്ദേഹം തീരുമാനിച്ചു. കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടപ്പെട്ടു പോകുമായിരുന്ന ഒരു മഹാപൈതൃകം അങ്ങിനെ വീണ്ടെടുക്കപ്പെട്ടു.
മൂന്നു സമുച്ചയങ്ങളായാണ് ഖജുരാഹോയിലെ ക്ഷേത്രങ്ങള്‍ കാണപ്പെടുന്നത്്. പടിഞ്ഞാറ്, കിഴക്ക്, തെക്ക് ഭാഗങ്ങളിലായി. ഇതിലെ പശ്ചിമസംഘാതമാണ് പ്രധാനപ്പെട്ടത്. സഞ്ചാരികളാദ്യം ഇവിടെയാണ് എത്തുന്നത്. യുനെസ്‌കോ മനോഹരമായ ഒരു ഉദ്യാനവും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. ഈ കൂട്ടത്തിലാണ് കണ്ഠരീയ മഹാദേവക്ഷേത്രം (1025-1050 AD) ഉള്ളത്. ഏറ്റവും ഉയരവും (31മീ.) രൂപഭംഗിയുമുള്ള ക്ഷേത്രം ഇതത്രേ. 900 ശില്‍പ്പങ്ങളുണ്ട് ഈ ക്ഷേത്രത്തില്‍. കാളീക്ഷേത്രമായ ഛൂന്‍സാത് യോഗിനീ മന്ദിറും (950 AD) ഇവിടെയാണ്. 65 നിര്‍മ്മിതികള്‍ ചേര്‍ന്നതായിരുന്നു ഈ ക്ഷേത്രം. ഇപ്പോള്‍ 35 എണ്ണമേ അവശേഷിക്കുന്നുള്ളൂ.
ഖജുരാഹോവില്‍ കരിങ്കല്ലില്‍ പണിത ഏകക്ഷേത്രമാണ് ഇത് -ഏറ്റവും ആദ്യത്തേതും. സൂര്യ പ്രതിഷ്ഠയുള്ള ചിത്രഗുപ്തക്ഷേത്രം (11ാം നൂറ്റാണ്ട്), ശിവ പ്രതിഷ്ഠയുള്ള വിശ്വനാഥ ക്ഷേത്രം (1002 AD), വിഷ്ണുവിനായുള്ള ലക്ഷ്മണക്ഷേത്രം (950AD), ഇപ്പോഴും പൂജ നടക്കുന്ന ഇവിടത്തെ ഏകക്ഷേത്രമായ മാതംഗേശ്വര ക്ഷേത്രം (900-925 AD), മഹാദേവ ക്ഷേത്രം, ജഗദംബാ ക്ഷേത്രം (11ാം നൂറ്റാണ്ട്), ലക്ഷ്മീവരാഹ ക്ഷേത്രം (925 AD) എന്നിങ്ങനെ പടിഞ്ഞാറന്‍ സമുച്ചയത്തില്‍ നിരവധി ക്ഷേത്രങ്ങള്‍ കാണാം.
പൂര്‍വസംഘാതത്തിലെ പ്രധാനക്ഷേത്രങ്ങള്‍. തെക്കെ സമുച്ചയം ഖജുരാഹോ ഗ്രാമത്തില്‍ നിന്ന് അഞ്ചു കിലോമീറ്ററോളം മാറിയാണ് കാണപ്പെടുന്നത്. 12ാം നൂറ്റാണ്ടിലെ ദൂലാദേവി ക്ഷേത്രം, മൂന്നു മീറ്ററോളം ഉയരമുള്ള വിഷ്ണുപ്രതിമയുള്ള ചതുര്‍ഭുജക്ഷേത്രം എന്നിവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍.
ഖജുരാഹോയില്‍ ക്ഷേത്രങ്ങളുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും പരിചയപ്പെടുത്തുന്ന ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉണ്ട്. ഷോയ്ക്ക് അമിതാഭ് ബച്ചനാണ് ശബ്ദം പകര്‍ന്നിട്ടുള്ളത്. പടിഞ്ഞാറേ ക്ഷേത്രസമുച്ചയത്തില്‍ എന്നും സന്ധ്യക്കു നടക്കുന്ന ഈ ഷോ വലിയൊരനുഭവം തന്നെയാണ്. ഖജുരാഹോ സന്ദര്‍ശിക്കുന്നവര്‍ ഇതു തീര്‍ച്ചയായും കണ്ടിരിക്കണം. ഇവിടത്തെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയവും അമ്പരപ്പിക്കുന്ന ദൃശ്യാനുഭവമാണ്. ചരിത്രത്തിന്റെ വിസ്മയഭണ്ഡാരം. മാര്‍ച്ചില്‍ നടക്കുന്ന ഖജുരാഹോ ഡാന്‍സ് ഫെസ്റ്റിവലാണ് മറ്റൊരാകര്‍ഷണം. ഇന്ത്യയിലെ പ്രശസ്തരായ എല്ലാ കലാകാരന്മാരും കലയുടെ യഥാര്‍ഥ തറവാടായ ഇവിടെ വന്ന് നൃത്താഞ്ജലി അര്‍പ്പിക്കും
.
ഖജുരാഹോ സന്ദര്‍ശിച്ചു മടങ്ങുന്നവരുടെയെല്ലാം മനസ്സില്‍ വീര്‍പ്പുമുട്ടുന്ന ഒരു ചോദ്യം അവശേഷിക്കും. എന്തുകൊണ്ട് ഇത്രയേറെ രതിശില്‍പ്പങ്ങള്‍ എന്ന ചോദ്യം. ഞങ്ങളുടെ ഗൈഡ് രസികനായിരുന്നു. ഇതിനെക്കുറിച്ചുള്ള പല കേട്ടറിവുകളും അയാള്‍ പങ്കുവെച്ചു. ചന്ദേല രാജാക്കന്മാര്‍ താന്ത്രിക് രീതികളുടെ ഉപാസകരായിരുന്നുവത്രെ. താന്ത്രിക രീതിയനുസരിച്ച് ഭോഗവും യോഗവും ചേര്‍ന്നതാണ് നിര്‍വാണം. അതാണ് ക്ഷേത്രങ്ങളില്‍ ഇത്രയേറെ രതിചിത്രങ്ങള്‍ കൊത്തുന്നത്. ഖജുരാഹോയില്‍ മാത്രമല്ല, AD 900നും 1400നും ഇടയില്‍ പണിത പല ക്ഷേത്രങ്ങളിലും -കൊണാറക്കിലും ഭുവനേശ്വറിലും ഉള്‍പ്പെടെ- ഇങ്ങിനെ കാമകേളിയുടെ നഗ്നമായ ചിത്രണങ്ങള്‍ കാണാം. ഒളിഞ്ഞു നോട്ടക്കാരനായ ഇന്ദ്രനെ പ്രീതിപ്പെടുത്താനും മഴയുടെ ദേവനായ അദ്ദേഹത്തിന്റെ കാരുണ്യത്താല്‍ ഇടിമിന്നലില്‍ നിന്നു ക്ഷേത്രങ്ങളെ രക്ഷിക്കാനുമാണ് രതിശില്‍പ്പങ്ങള്‍ കൊത്തുന്നതെന്ന മറ്റൊരു കഥയും അയാള്‍ പറഞ്ഞു.
ഒറ്റപ്പെട്ടു ജീവിക്കുന്ന പൂജാരികളായ ബ്രാഹ്മണകുമാരന്മാര്‍ക്കു കണ്ടാനന്ദിക്കാന്‍ വേണ്ടിയാവാം ഈ ശില്‍പ്പങ്ങളൊക്കെ കൊത്തിയതെന്നും തമാശരൂപേണ അയാള്‍ പറഞ്ഞു. ഒരുപക്ഷേ, ജീവിതരതിയുടെ പാഠങ്ങള്‍ തലമുറകളിലേക്ക് കൈമാറാന്‍ ക്ഷേത്രച്ചുമരുകളെ മാധ്യമമാക്കിയാതാവാനും മതി.
ഒന്നുറപ്പ്. ആ കാലഘട്ടത്തിന്റെ കലാബോധവും സദാചാരസങ്കല്‍പ്പവും ഇന്നത്തേതില്‍ നിന്നു തീര്‍ത്തും ഭിന്നമായിരുന്നു. നിഷിദ്ധവും രഹസ്യാത്മകവുമായ ഒരു പാപമായിരുന്നില്ല അന്നത്തെ സമൂഹത്തില്‍ സെക്‌സ്. ആനന്ദവും തമാശകളും കലര്‍ന്ന ഒരു ചിത്രണരീതിയാണ് ഈ രതിശില്‍പ്പങ്ങളിലെല്ലാം നാം കാണുന്നത്. അത് സെക്‌സിനെ സമൂഹം എങ്ങിനെ സമീപിച്ചിരുന്നു എന്നതിന്റെ സൂചനയാണ്. വളരെ പോസിറ്റീവായ ശക്തിസ്രോതസ്സായാണ് സമൂഹം സെക്‌സിനെ കണ്ടിരുന്നത്. കാമസൂത്രം രചിക്കപ്പെട്ടതും ക്ഷേത്രച്ചുമരുകളില്‍ രതി പ്രകടമാവുന്നതും അതുകൊണ്ടാണല്ലോ.
ക്ഷേത്രങ്ങള്‍ ഇന്നത്തെ രൂപത്തില്‍ പുരുഷന്റെ ആത്മീയകേന്ദ്രങ്ങള്‍ ആവുന്നതിനു മുമ്പ് അമ്മദൈവങ്ങളുടെ തറവാടുകളായിരുന്നു. ജനനവും രതിയും ആനന്ദവും സൃഷ്ടിയും ഉര്‍വരതയും ലൈംഗികതയുമെല്ലാം ഇടകലര്‍ന്ന സ്ത്രീ ശക്തിയുടെ ഗര്‍ഭഗൃഹം. രതി ഇവിടെ മംഗളദായകമായിട്ടാണ് കരുതപ്പെട്ടിരുന്നത്. ഉര്‍വരതാ ഉത്സവങ്ങള്‍ (Fertility Festivals) പോലും ഈ ക്ഷേത്രങ്ങളില്‍ പതിവായിരുന്നു. ലൈംഗികത പാപമാവുന്ന കാലഘട്ടമൊക്കെ വളരെ വൈകിയാണ് ഇന്ത്യയില്‍ വന്നുചേരുന്നത്.
ഖജുരാഹോയില്‍ അശ്ലീലമല്ല നാം കാണുന്നത്, ജീവിതത്തിന്റെ ഉത്സവമാണ്. 1000 വര്‍ഷം മുമ്പത്തെ ഇന്ത്യന്‍ ജീവിതത്തിന്റെ പാര്‍ശ്വദൃശ്യങ്ങള്‍ മറകളില്ലാതെ ഇവിടെ ആവിഷ്‌കരിക്കപ്പെട്ടിരി ക്കുന്നു. ദേവീദേവന്മാരും പടയാളികളും പാട്ടുകാരും നര്‍ത്തകരും ഉള്ളതും ഇല്ലാത്തതുമായ പലതരം മൃഗങ്ങളും ക്ഷേത്രച്ചുമരുകളില്‍ ജീവനോടെ നില്‍ക്കുന്നു. കാമകലയുടെ എല്ലാ ഭാവങ്ങളും അവസ്ഥകളും വൈകൃതത്തോളമെത്തുന്ന സംയോഗരൂപങ്ങളും ഈ ചുമരുകളെ വന്യവും ത്രസിപ്പിക്കുന്നതുമായ ദൃശ്യാനുഭവമാക്കുന്നു. വെറും നൂറു വര്‍ഷം കൊണ്ടാണ് ഇത്രയേറെ ശില്‍പ്പങ്ങളും ഗോപുരങ്ങളും ക്ഷേത്രങ്ങളും കൊത്തിത്തീര്‍ന്നതെങ്കില്‍ സര്‍ഗാത്മകതയുടെ എത്ര ശക്തമായ വിസ്‌ഫോടനമായിരിക്കണം അവിടെ നടന്നിട്ടുണ്ടാവുക!