അമേരിക്കയുടെയും യൂറോപ്പിന്‍റെയും കരീബിയന്‍ ദ്വീപുകളുടെയും ഏറ്റവുമധികം കപ്പല്‍ സഞ്ചാരം നടക്കുന്നത് ഈ പ്രദേശത്തെ കപ്പല്‍ചാലുകളിലൂടെയാണ്. ഈ പ്രദേശത്തിനു മുകളിലൂടെ ഫ്‌ളോറിഡയിലേക്കും തെക്കേ അമേരിക്കയിലേക്കും കരീബിയയിലേക്കും നിരവധി വ്യോമ പാതകളുമുണ്ട്. ഇതുവഴിപോയ പല കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷമായതോടെ ഈ സാങ്കല്പിക ത്രികോണം നിഗൂഢ മേഖലയായി വാര്‍ത്തകളിലും കഥകളിലും നിറഞ്ഞു. അമാനുഷിക ശക്തികളുടെ പ്രവര്‍ത്തനഫലമാണ് അപകടങ്ങളെന്ന് വ്യാഖ്യാനമുണ്ടായി. കഥകളില്‍ ഈ സമുദ്രഭാഗം ഭീകരഭാവം പൂണ്ടു. കാന്തികശക്തിയും കടല്‍ ക്ഷോഭവും അപകടകാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടു. കൊളംബസിന്‍റെ യാത്രകളിലെ അത്ഭുത വിവരണങ്ങള്‍ ട്രയാംഗിള്‍ ദുരൂഹതയുടെ ആദ്യ വിശദീകരണമായി ഗണിക്കപ്പെടുന്നു. ആ പ്രദേശത്തുകൂടി പോയപ്പോള്‍ തീഗോളങ്ങള്‍ കടലില്‍ വീഴുന്നത് കണ്ടു വെന്നും വടക്കുനോക്കി യന്ത്രത്തിന്റെ സൂചികള്‍ ദിക്കറിയാതെ വട്ടം കറങ്ങിയെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
1945 ഡിസംബര്‍ 5ന് അമേരിക്കയുടെ അഞ്ച് ബോംബര്‍ വിമാനങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായതോടെയാണ് ഈ 'ഭീകരനെ' കുറിച്ച് ലോകമറിയുന്നത്. കാണാതായ ഈ വിമാനങ്ങളെ കണ്ടെത്താന്‍ ഊര്‍ജ്ജിത തിരച്ചില്‍ നടത്തിയിട്ടും ഒന്നും കണ്ടെടുക്കാനായില്ല. ബര്‍മുഡയുടെ അഗാധതയില്‍ ആഴ്ന്നുപോയ കപ്പലുകളും, വിമാനങ്ങളും എത്രയെന്നു ആര്‍ക്കുമറിയില്ല. പായ്കപ്പലുകള്‍ മുതല്‍ അത്യാധുനിക യുദ്ധകപ്പലും ആണവശക്തി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പലും ആധുനിക വിമാനങ്ങളും വരെ അവയില്‍ പെടും. കാരണമെന്തെന്ന് ആര്‍ക്കും വ്യക്തമല്ല. ഒരു കാര്യം മാത്രം എല്ലാവര്‍ക്കുമറിയാം, വിജനത തളംകെട്ടിയ ഈ ജലഭാഗം വളരെ അപകടകാരിയാണ് എന്നത്. ഇതില്‍ നിന്ന് കഷ്ട്ടിച്ചു രക്ഷപ്പെട്ടവര്‍ പറഞ്ഞ പ്രകാരം, ആ ഭാഗത്ത് അകപ്പെട്ടാല്‍ വടക്ക് നോക്കി യന്ത്രവും മറ്റു ഉപകരണങ്ങളും പ്രവര്‍ത്തന രഹിതമാവുകയും, തങ്ങള്‍ കടലിന്‍റെ ആഴങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു എന്നാണ്. ഇന്ന് ശാസ്ത്രം ഒട്ടേറെ വളര്‍ന്നിരിക്കുന്നു.
പ്രപഞ്ചരഹസ്യങ്ങളെ മനസിലാക്കാനും ഒരു പരിധിവരെ അവയെ നിയന്ത്രിക്കാനും ശാസ്ത്രം മനുഷ്യനെ പ്രാപ്തനാക്കി. ലക്ഷക്കണക്കിന് പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള നക്ഷത്രങ്ങളെ മുതല്‍ പരമാണുവില്‍ ഒളിഞ്ഞിരിക്കുന്ന അപാര ശക്തിയെപ്പോലും കണ്ടെത്താനും വേണ്ടവിധം പ്രയോജനപ്പെടുത്താനും ശാസ്ത്രത്തിനു കഴിഞ്ഞു. ദൂരങ്ങള്‍ പലതും കീഴടക്കി, ജനിതക രഹസ്യം കണ്ടെത്തി, ജീവന്‍റെ പകര്‍പ്പ് എടുക്കുന്നതില്‍ വരെ എത്തിനില്‍ക്കുന്നു ശാസ്ത്രലോകം ഇന്ന്. എല്ലാം നേടി, എല്ലാം കീഴടക്കി എന്ന് പെരുമ്പറമുഴക്കുന്ന ആധുനിക മനുഷ്യന്‍റെ അഹങ്കാരത്തിന് നേരെപിടിച്ച ഒരു കണ്ണാടിയാണ് ബര്‍മുഡ പോലുള്ള ഉത്തരംകിട്ടാത്ത സമസ്യകള്‍. നമുക്കറിയാത്തതും വിശദീകരിക്കാന്‍ കഴിയാത്തതുമായ സംഗതികള്‍ ഇവിടെ നടക്കുന്നുണ്ട് എന്ന് സമ്മതിക്കാനെങ്കിലും ഈ ദുരൂഹ ദുരന്തങ്ങള്‍ നമ്മെ നിര്‍ബന്ധിക്കുകയാണ്. അനന്തമജ്ഞാതമവര്‍ണ്ണനീയം ഈ ലോക ഗോളം തിരിയുന്ന മാര്‍ഗ്ഗം എന്ന് ഏറ്റുപാടുവാന്‍ നാം നിര്‍ബന്ധിതരായിരിക്കുകയാണ്. ഇവിടെ കപ്പലുകളും വിമാനങ്ങളും പെട്ടന്ന് അപ്രത്യക്ഷമാകുന്നതിന് കാരണങ്ങള്‍ തിരക്കി ഒട്ടേറെ അന്വേഷണങ്ങള്‍ നടന്നിട്ടുണ്ട് . ആ പ്രദേശത്തെ കടലിന്‍റെ സ്വഭാവം, അപ്രതീക്ഷിതമായി ഉണ്ടാകുന്ന കൊടുംകാറ്റ്, കടലിനടിയിലെ കാന്തിക ശക്തി, നീര്‍ച്ചുഴികള്‍ തുടങ്ങി അന്യഗ്രഹജീവികളും ദുര്‍ഭൂതങ്ങളും വരെ കാരണങ്ങള്‍ ആയി നിരന്നു. കടലിലെ ശക്തമായ ഉള്‍ക്കടല്‍ പ്രവാഹം (ഗള്‍ഫ് സ്ട്രീം) മൂലമുണ്ടാകുന്ന ശക്തമായ തിരമാല ആണ് കുഴപ്പങ്ങള്ക്കെ്ല്ലാം കാരണം എന്ന് വാദിക്കുന്നവരും ഉണ്ട്. എന്നാല്‍ അവയ്ക്ക് വിമാനങ്ങളെ വീഴ്ത്താന്‍ ആവില്ലന്നു ആ വാദം ഉയര്‍ത്തിയവര്‍ തന്നെ സമ്മതിക്കുന്നു. മറ്റൊരു വാദം ഗ്രീക്ക് പുരാണങ്ങളിലെ അറ്റ്‌ലാന്റിയ നഗരത്തിന്‍റെ ഊര്‍ജ്ജ സ്രോതസ്സായ ക്രിസ്റ്റലുകള്‍ ഈ മേഘലയില്‍ ഉണ്ടെന്നതാണ്. ബഹാമാസ് തീരത്ത് സമുദ്രത്തിനടിയില്‍ കാണപ്പെടുന്ന കല്ലുകളുടെ വഴി പോലെയുള്ള ഭാഗം അവിടെക്കുള്ള വഴിയായും ഇവര്‍ വിശ്വസിക്കുന്നു . ഇതുവരെ മനുഷ്യന്‍ അറിഞ്ഞിട്ടില്ലാത്തതും നിര്‍വചിക്കപെടാന്‍ ആവാത്തതുമായ ശക്തികള്‍ എന്നും മറ്റൊരു കൂട്ടര്‍. ആര്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ ഇതേ വരെ സാധിച്ചിട്ടില്ല.
കാലത്തിന്റെനയും കലണ്ടറുകളുടെയും ശാസ്ത്രത്തിന്‍റെയും അപ്പുറത്ത് കിടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ സംഭവങ്ങളുടെ ദുരൂഹതയും നിഗൂഢതയും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണങ്ങള്‍ അറുത്തുമുറിച്ച് പരിശോധിച്ചുനോക്കിയിട്ടും ഒന്നിലും ഒതുങ്ങാത്ത കുറേ സംഭവങ്ങള്‍ ശാസ്ത്രത്തെ നോക്കി കണ്ണിറുക്കുന്നു. 1947 ജൂണ്‍ 25 നു, കെന്നത്ത് ആര്‍നോള്‍ഡ് എന്ന പൈലെറ്റ് ഇവിടെ പറക്കും തളികകളെ കണ്ടു എന്ന് റിപ്പോര്ട്ട് ചെയ്തത് ഏലിയന്‍ ഗേറ്റ് വേ ആണെന്ന വാദത്തിനു ബലമേകുന്നു. അമ്പരിപ്പിക്കുന്ന മറ്റൊരു കാര്യം, ഇവിടെ ഇടയ്ക്കിടെ കണ്ടെത്തുന്ന ആളില്ലാത്ത പ്രേതകപ്പലുകളാണ്. പല നാവികരും ഇത്തരം കപ്പലുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട് . മനുഷ്യവാസമില്ലാതെ, യന്ത്രങ്ങളുടെ മുരള്‍ച്ചയില്ലാതെ രാത്രിയും പകലും ഇവയിങ്ങനെ ഒഴുകി നടക്കും. കടലില്‍ അലഞ്ഞുതിരിയുന്ന ഇത്തരം കപ്പലുകള്‍ കടല്‍ യാത്രക്കാര്‍ക്ക് പേടി സ്വപ്നമാണ്. ഇവയെ മങ്ങിയ വെളിച്ചത്തില്‍ മറ്റുകപ്പലുകളില്‍ നിന്ന് നോക്കിയാല്‍ ഭീമാകാരങ്ങളായ രാക്ഷസ രൂപങ്ങളായി തോന്നുമത്രേ. പെട്ടന്ന് ഇരുട്ടില്‍ നിന്ന് പ്രത്യക്ഷപ്പെടുന്ന അവ ബോട്ടുകളുമായി കൂട്ടിയിടിച്ച് അപകടമുണ്ടായ സംഭവം ഉണ്ടായിട്ടുണ്ട്.
1935 ല്‍ ഇങ്ങനെ കണ്ടത്തിയ പ്രേതകപ്പലാണ് "ലാ ദഹാമ". ഇതേപോലെ തന്നെ 1872 ല്‍ “മേരി സെലസ്റ്റി” എന്നൊരു കപ്പലിനെയും, 1955 ല്‍ "കൊനെമാറ" എന്ന കപ്പലിനെയും കണ്ടെത്തിയിരുന്നു. 1921 ല്‍ കണ്ടെത്തിയ അഞ്ചു പായ്മരങ്ങളുള്ള “കരോള്‍ ഡിയറിംഗ്” എന്ന കപ്പലില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തിയപ്പോള്‍ മനുഷ്യര്‍ ആരുമില്ലാതെ ശൂന്യവും നിശബ്ദവും ആയിരുന്നു അതിന്‍റെ ഉള്‍വശം മുഴുവന്‍. ഒരു പൂച്ചക്കുട്ടി മാത്രം കരഞ്ഞുകൊണ്ടിരിക്കുന്നു. ഭക്ഷണ മേശയില്‍ അവശിഷ്ടങ്ങള്‍ പാത്രങ്ങളില്‍ ഇരിക്കുന്നു.
കസേരകള്‍ പിന്നിലേക്ക് തള്ളിയിട്ടതുപോലെ. കപ്പലില്‍ ദിശയറിയാനുള്ള ഉപകരണങ്ങളോ രേഖകളോ ഒന്നും കണ്ടെത്താനായില്ല, അതുപോലെ ലൈഫ് ബോട്ടുകളും. എല്ലാം പെട്ടന്നുപേക്ഷിച്ചു യാത്രക്കാരെല്ലാം ഇറങ്ങിപ്പോയതു പോലെ.!! പക്ഷെ, എങ്ങിനെ.?, എന്തിനു.?, എപ്പോള്‍.? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടിയില്ല. അതിലെ ഒരു യാത്രികനെപോലും പിന്നീട് ആരും കണ്ടതുമില്ല. ഇനി അല്‍പം ശാസ്ത്രത്തിന്‍റെ പാതയിലൂടെ ചിന്തിക്കുകയാണെങ്കില്‍, ഇന്നത്തെ അത്യാധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളും റഡാറും ഉപഗ്രഹ സാങ്കേതികവിദ്യയും ഒന്നുമില്ലാതിരുന്ന ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിലാണ് ബര്‍മുഡയിലെ ദുരൂഹമായ അപകടങ്ങളിലേറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബര്‍മുഡ മേഖലയില്‍ കാന്തിക ശക്തി കൂടുതലായാതിനാല്‍ അത് വസ്തുക്കളെ ഉള്ളിലേക്ക് ആകര്‍ഷിക്കുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന ശക്തമായ ചുഴലിക്കാറ്റിലോ കാന്തികശക്തികൊണ്ടോ കപ്പലുകളും വിമാനങ്ങളും അപകടത്തില്‍ പെടുന്നു. കൂടാതെ വെള്ളത്തിന്‍റെ സാന്ദ്രത കുറയ്ക്കുന്ന വന്‍തോതിലുള്ള മീഥേന്‍ ഹൈഡ്രേറ്റ് വാതകസാന്നിധ്യമാണ് നിഗൂഢതയുടെ മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാതകങ്ങളുടെ സമുദ്രോപരിതലത്തോടു ചേര്‍ന്നുണ്ടാകുന്ന സ്‌ഫോടനം കാരണം കപ്പലിനു ചുറ്റും വെള്ളം വന്‍തോതില്‍ പതഞ്ഞുയര്‍ന്നാല്‍ കപ്പല്‍ അതിവേഗം മുങ്ങുമെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കപ്പലിന്‍റെ എന്‍ജിനു കേടുവരുത്താനും മീഥേന്‍ വാതകത്തിന് ചില അവസ്ഥകളില്‍ സാധിക്കും. വന്‍തോതിലുള്ള സമുദ്രഗതാഗതവും ശക്തമായ ഗള്‍ഫ് സ്ട്രീം എന്ന അടിയൊഴുക്കും അടിക്കടി പ്രതികൂലമാകുന്ന കാലാവസ്ഥയും ചേരുമ്പോള്‍ അപകടത്തില്‍ പെടുമ്പോള്‍ ഒരു തുമ്പും ശേഷിക്കാതെ കപ്പലുകള്‍ അപ്രത്യക്ഷമാകുന്നതില്‍ അദ്ഭുതമില്ലെന്നും വാദിക്കുന്നവരുണ്ട്. നരഭോജികളായ മത്സ്യങ്ങളും സ്രാവുകളും കൂടുതലുള്ള പ്രദേശം ആയതിനാല്‍ ഇവിടെ വീഴുന്ന ആള്‍ക്കാരുടെ അവശിഷ്ടങ്ങള്‍ കരക്ക് അടിയുന്നില്ല. സ്രാവിന്‍റെയോ മറ്റോ പല്ല്പതിഞ്ഞ ശരീരഭാഗങ്ങളും ലൈഫ് ജാക്കറ്റുകളും കണ്ടെടുത്തിട്ടുണ്ട്.
1940കളില്‍ ബ്രിട്ടന്‍റെ രണ്ടു യാത്രാവിമാനങ്ങള്‍ ഇവിടെ വീണത് ഇന്ധനച്ചോര്‍ച്ചയും സാങ്കേതികപ്പിഴവുകളും കൊണ്ടായിരുന്നുവെന്ന് ബി.ബി.സി. നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൊളംബസ് കണ്ട തീ ഗോളങ്ങള്‍ ഉല്ക്കാതപതനങ്ങള്‍ ആകാം എന്നും സംശയിക്കുന്നു. വടക്കുനോക്കി യന്ത്രങ്ങള്‍ ദിശ തെറ്റിക്കുന്ന സാഹചര്യമുണ്ടായത് ഭൂമിയുടെ ഉത്തരധ്രുവത്തിലേക്കല്ല, കാന്തികമണ്ഡലത്തിന്‍റെ ഉത്തരധ്രുവത്തിലേക്കാണ് വടക്കുനോക്കിയന്ത്രത്തിന്‍റെ സൂചി ചൂണ്ടിക്കാണിക്കുന്നത് എന്നത് കൊണ്ടാണ്. യന്ത്രം കാണിക്കുന്ന ദിക്ക് കാന്തിക വടക്കാണ്, ശരിയായ വടക്കല്ല. ഭൂമിയുടെ പല പ്രദേശങ്ങളിലും കാന്തിക മണ്ഡലത്തിലെ വ്യതിയാനം അനുസരിച്ച് ഈ കാന്തിക വടക്കും ശരിയായ വടക്കും ദിക്കും തമ്മിലുള്ള വ്യത്യാസം മാറിക്കൊണ്ടിരിക്കും. അമേരിക്കയിലെ സുപ്പീരിയര്‍ തടാകത്തിലും ഫ്‌ളോറിഡയിലുമുള്ള ചില പ്രദേശങ്ങളില്‍ കാന്തിക വടക്കും ശരിയായ വടക്കും തമ്മില്‍ വ്യത്യാസമില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബര്‍മുഡ പ്രദേശത്ത് ഇങ്ങനെ വ്യത്യാസമില്ലാത്ത അവസ്ഥ ഉണ്ടായിരുന്നത് കൊണ്ടാണ് അത്തരം അനുഭവം ഉണ്ടായതെന്ന് ഗവേഷകര്‍ പറയുന്നു.
അപകടങ്ങളുടെ കാരണം കണ്ടെടുത്താനാവാത്ത അന്നത്തെ അന്വേഷണസംഘം മറ്റെന്തോ ആവാം അതിനു പിന്നിലെന്ന് അഭിപ്രായപ്പെട്ടിരിക്കാം. ഇതാണ് ബര്‍മുഡ ത്രികോണത്തിലെ അപകടങ്ങള്‍ക്കു പിന്നില്‍ നിഗൂഢ ശക്തികളാണെന്ന് കഥ പരക്കാന്‍ കാരണമെന്ന് ബി.ബി.സി. സംഘം അഭിപ്രായപ്പെടുന്നു. മനുഷ്യന്‍റെ പിഴവുകള്‍കൊണ്ടുണ്ടായ അപകടങ്ങളും ബര്‍മുഡയിലെ നിഗൂഢതയുടെ മേല്‍ അങ്ങിനെ ആരോപിക്കപ്പെട്ടിരിക്കാം. ഒപ്പം, ഇവിടുത്തെ നിഗൂഢതകള്‍ മറയാക്കി, പതിയിരുന്നാക്രമിക്കുന്ന കടല്‍ക്കൊള്ളക്കാരും തിരോധാനങ്ങളുടെ ദുരൂഹതകള്‍ക്ക് ആക്കം കൂട്ടിയിരിക്കാം.
ബര്‍മുഡ ത്രികോണത്തിന്‍റെ നിഗൂഢത പുസ്തകങ്ങളുടെയും സിനിമകളുടെയും സീരിയലുകളുടെയും വാണിജ്യ താത്പര്യങ്ങള്‍ക്ക് വേണ്ടി ഊതിപ്പെരുപ്പിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അമേരിക്കന്‍ ജിയോഗ്രാഫിക് ബോര്‍ഡിന്‍റെ ഔദ്യോഗിക രേഖകളില്‍ ഒരിടത്തും ഈ ട്രയാങ്കിളിന്‍റെ ഭൂപടം കാണാനില്ല എന്നത് ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഒരു സത്യമാണ്.! ബര്‍മുഡ ട്രയാംഗിളിനെപ്പറ്റി ശാസ്ത്രവും മിത്തുകളും തമ്മിലുള്ള വടംവലികള്‍ക്കിടയില്‍ പുതിയൊരു വിസ്മയം കൂടി ഇവിടെ കണ്ടെത്തിയിരിക്കുന്നു.
രണ്ട് പടുകൂറ്റന്‍ പിരമിഡുകള്‍. സമുദ്രനിരപ്പില്‍ നിന്ന് 2000m താഴെ 800m നീളവും 200m ഉയരവുമുള്ള പിരമിഡാണ് ഇവിടെ കണ്ടെത്തിയത്. കട്ടിയുള്ള ഗ്ലാസ് കൊണ്ടു നിര്‍മ്മിക്കപ്പെട്ടതെന്നു കരുതുന്ന ഇവയ്ക്ക് ഈജിപ്തിലെ പിരമിഡുകളേക്കാള്‍ വലിപ്പമുണ്ട്. രണ്ടു പിരമിഡുകളുടെയും മുകളിലായി വലിയ ദ്വാരങ്ങളുണ്ട്. രണ്ടാമത്തെ പിരമിഡിന്‍റെ മുകളിലൂടെ സമുദ്രജലം അതിശക്തമായി ഒഴുകുന്നതായും സമുദ്രനിരപ്പില്‍ നുരയും പതയും രൂപംകൊള്ളുന്നതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് കോസ്മിക് രശ്മികളെ ആഗിരണം ചെയ്യുവാനും സമീപഭാഗത്തേക്ക് ആകര്‍ഷിക്കാനും ആവുമത്രെ. ഇതു തന്നെയാണോ വര്‍ഷങ്ങളായി കണ്ടുപിടിക്കാന്‍ സാധിക്കാത്ത, ബര്‍മുഡ ട്രയാംഗിളിന്‍റെ ആകര്‍ഷണ രഹസ്യം എന്നും ശാസ്ത്രജ്ഞന്മാര്‍ സംശയിക്കുന്നു. ഇവിടെ നടന്ന അപകടങ്ങളും അത്ഭുതങ്ങളും സമാഹരിച്ച് 'ബര്‍മുഡ ട്രയാംഗിള്‍ ബിബ്ലിയോഗ്രഫി' എന്ന ഒരു പുസ്തകം തന്നെതയ്യാര്‍ ചെയ്തിട്ടുണ്ടത്രെ.!
പോയ നൂറ്റാണ്ടില്‍ അപ്രത്യക്ഷമായത് ബര്‍മുഡയിലൂടെ യാത്ര ചെയ്ത അമ്പതിലധികം കപ്പലുകളും അതിനു മുകളിലൂടെ പറന്ന ഇരുപതിലധികം വിമാനങ്ങളുമാണ്. ഇതില്‍ ഭൂരിപക്ഷത്തിന്‍റെയും പൊടിപോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. അവശിഷ്ടങ്ങള്‍ കിട്ടാതെ തിരോധാനത്തിനു പിന്നിലെ ശരിയായ കാരണങ്ങള്‍ മനസിലാക്കാനും കഴിയില്ല. കഥകള്‍ പലതും വിശ്വസിക്കാന്‍ ശാസ്ത്രം അനുവദിക്കുന്നില്ല. വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ശാസ്ത്രവും പരാജയപ്പെടുന്നു. കാരണം എന്ത് തന്നെയായാലും സത്യത്തിലേക്കുള്ള അകലം കുറഞ്ഞു വരുന്നു എന്ന് ആശ്വസിക്കാം. അതുവരെ അന്യഗ്രഹ ജീവികള്‍ കപ്പലും വിമാനവും തട്ടിക്കൊണ്ടു പോയി എന്നതടക്കമുള്ള വിശ്വാസങ്ങള്‍ നിലനില്‍ക്കുകയും ചെയ്യും. ശാസ്ത്രത്തിനു പിടികൊടുക്കാത്ത, പ്രകൃതിയുടെ കുസൃതിയെന്നോ വികൃതിയെന്നോ വിളിക്കാവുന്ന പ്രതിഭാസങ്ങളിലൊന്നായി നിഗൂഡമായിത്തന്നെ ബര്‍മുഡ അങ്ങനെ എന്നും നിലനില്ക്കും.! അടുത്ത ഇരയെയും കാത്ത്..!
അതുവരെ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ശാസ്ത്രത്തെയും, മിത്തുകളില്‍ വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെയും തുടരാം..! ആകാശഭൂമികളുടെ നിഗൂഢതകള്‍ പൂര്‍ണ്ണമായും അറിയുന്നവന്‍ ദൈവം മാത്രമാണെന്നും വിജ്ഞാനത്തില്‍ നിന്ന് അല്‍പം മാത്രമേ മനുഷ്യന് നല്‍കിയിട്ടുള്ളൂ എന്നുംവിശുദ്ധ വേദഗ്രന്ഥം പറയുന്നു.
കടപ്പാട് വല്ലഭന് പുല്ലും ആയുധം